X
    Categories: indiaNews

പൗരത്വ നിയമ ഭേദഗതി; കപില്‍ സിബലുമായി മുസ്‌ലിം ലീഗ് സംഘം ചര്‍ച്ച നടത്തി

പൗരത്വ നിയമ ഭേദഗതികള്‍ക്ക് എതിരായ മുസ്്ലിംലീഗ് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നാളെ വാദം തുടങ്ങുന്നതിന്റെ മുന്നോടിയായി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലുമായി മുസ്‌ലിം ലീഗ് സംഘം ഓഫീസിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി.

പൗരത്വ വിവേചന നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ മുസ്ലിം ലീഗിന്റ ഹര്‍ജി പ്രധാന ഹര്‍ജിയായി കേള്‍ക്കാന്‍ ഒക്ടോബര്‍ 31ന് സുപ്രീം കോടതി തീരുമാനിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. ഇതില്‍ അമ്പത് ഹര്‍ജികള്‍ അസമില്‍ നിന്നും മൂന്നെണ്ണം ത്രിപുരയില്‍ നിന്നുമുള്ളതുമൊഴികെയുള്ളതെല്ലാം മുസ്്ലിംലീഗ് ഹര്‍ജി പ്രധാനമായെടുത്താണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കുക.

മുസ്്ലിം ലീഗിന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയ പല്ലവി പ്രതാപിനെ ഹര്‍ജിക്കാരുടെ നോഡല്‍ ഓഫീസര്‍ ആയും, തുഷാര്‍ മേത്തയുടെ ജൂനിയര്‍ ആയ കാനു അഗര്‍വാളിനെ എതിര്‍ കക്ഷികളുടെ നോഡല്‍ ഓഫീസര്‍ ആയും കോടതി നിയമിച്ചിരുന്നു.ഇവര്‍ക്ക് മറ്റ് നൂറ്റമ്പതോളം ഹര്‍ജിക്കാരും അവരുടെ വാദം മൂന്ന് പേജില്‍ കവിയാതെ മുസ്ലിം ലീഗിന്റെ അഭിഭാഷകര്‍ക്ക് കൈമാറണം. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മത പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ഭേദഗതി പാസാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍, മുസ്്ലിം വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിക്കൊണ്ട് മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മുസ്്ലിം ലീഗ് വാദിക്കുന്നത്.

കേസ്സില്‍ കബില്‍ സിബലിനൊപ്പം വാദിക്കുന്ന അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.പി.എം ഹനീഫ, എം.എസ്.എഫ് ദേശീയ ജന.സെക്രട്ടറി ഹര്‍ഷാദ് എന്നിവരും കൂടെയുണ്ടായിരുന്നു.

Test User: