X

പൗരത്വ ഭേദഗതി നിയമം: കേരളത്തിന്റെ സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരളം ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച സമന്‍സിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്യൂട്ട് കോടതി പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

2020 ജനുവരി 13നാണ് കേരളം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. 2013ലെ സുപ്രീം കോടതി ചട്ടപ്രകാരം, കേസിലെ എതിര്‍കക്ഷി ആയ കേന്ദ്ര നിയമ മന്ത്രാലയത്തിന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് മുഖേന സുപ്രീം കോടതി രജിസ്ട്രി ജനുവരി 29ന് സമന്‍സ് കൈമാറിയിരുന്നു.

അന്നത്തെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഭരണഘടനയുടെ 131ാം അനുച്ഛേദ പ്രകാരം സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് ഫയല്‍ ചെയ്തത്. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണം. നിയമം റദ്ദാക്കണം. പാസ്‌പോര്‍ട്ട് നിയമത്തിലെ 2015ലെ ചട്ടങ്ങളും, വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട 2016ലെ ചട്ടങ്ങളും ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചുകൊണ്ട് റദ്ദാക്കണം എന്നിവയാണ് സ്യൂട്ടിലെ പ്രധാന ആവശ്യങ്ങള്‍.

 

chandrika: