X

സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു

കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ആദ്യകാല കലാകാരനും ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനുമായ എം.വി ശങ്കരൻ എന്ന ജെമിനി ശങ്കരൻ (99) അന്തരിച്ചു. കണ്ണൂർ വാരത്ത് ശങ്കർ ഭവനിലായിരുന്നു താമസം. ഇന്ത്യയിൽതന്നെ ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരൻ. സർക്കസ് കലാകാരനായി ജീവിതം തുടങ്ങിയ അദ്ദേഹം സർക്കസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏറെ സഞ്ചരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവർക്ക് പുറമേ ലോകനേതാക്കളായ മാർട്ടിൻ ലൂതർകിങ്, മൗണ്ട്ബാറ്റൺ, കെന്നത്ത് കൗണ്ട, ബഹിരാകാശയാത്രികയായ വാലന്റീന തെരഷ്കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. ഇന്ത്യൻ സർക്കസ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു.
1924 ജൂൺ 13-ന് തലശ്ശേരി കൊളശ്ശേരിയിലെ രാമന്റെയും കല്യാണിയുടെയും ഏഴ് മക്കളിൽ അഞ്ചാമത്തെ മകനായി ജനനം. സർക്കസ് കലയോടുള്ള അഭിനിവേശത്താല്‍1938ൽ തലശ്ശേരി ചിറക്കരയിൽ, പിൽക്കാലത്ത് സർക്കസ് കുലപതിയായ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ കളരിയിൽ ചേർന്നു. അതിനിടെ ജ്യേഷ്ഠന് പിന്നാലെ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. നാലരവർഷത്തോളം പട്ടാളത്തിൽ തുടർന്ന അദ്ദേഹം സ്വയം വിരമിച്ചു. 1946ൽ കൊൽക്കത്തയിലെ പ്രശസ്തമായ ബോസ്ലിയൻ സർക്കസിൽ ചേർന്നു. ഹൊറിസോണ്ടൽ ബാറിൽ കലാകാരനായിരുന്നു. തുടർന്ന് ഇന്ത്യയിലെ അക്കാലത്തെ ശ്രദ്ധേയമായ നാഷണൽ സർക്കസിലും ഗ്രേറ്റ് ബോംബെ സർക്കസിലും ചേർന്നു. സാമ്പത്തിക പ്രശ്നം കാരണം തകർന്ന വിജയ സർക്കസ് ശങ്കരനും കൂട്ടുകാരനും ചേർന്ന് ഏറ്റെടുത്തു. പിന്നീടാണ് ജെമിനി സർക്കസ് എന്ന പേരിൽ തുടങ്ങുന്നത്. വിദേശരാജ്യങ്ങളിലെ കലാകാരൻമാരെയും വന്യമൃഗങ്ങളെയും സർക്കസിൽ അണിനിരത്തി ജെമിനിയെ ശ്രദ്ധേയമാക്കി. 1977ൽ ജംബോ സർക്കസ് കൂടി ശങ്കരൻ ഏറ്റെടുത്തു.
ചൈനയിൽ നടന്ന ഇന്റർനാഷണൽ സർക്കസ് ഫെസ്റ്റിവലിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കുവൈത്ത് ഗോൾഡൻ ഫോക് പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. സർക്കസിലെ സേവനം മാനിച്ച് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു. അവസാനകാലത്ത് ടി.കെ.എം ട്രസ്റ്റിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും ലഭിച്ചു
ശോഭനയാണ് ഭാര്യ. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ, ഡോ. രേണുശങ്കർ (പ്രൊഫ., മെൽബൺ ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ് ശങ്കർ, സുനിതാ അശോക് ശങ്കർ, പ്രദീപ് നായർ (കംപ്യൂട്ടർ എൻജിനിയർ മെൽബൺ, ഓസ്ട്രേലിയ). സഹോദരങ്ങൾ: എം. ബാലൻ (മുംബൈ), പരേതരായ എം. കൃഷ്ണൻ നായർ, എം. കണ്ണൻ നായർ, മൂർക്കോത്ത് കുഞ്ഞിരാമൻ, എം. നാരായണൻ, എം. ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത്.

webdesk13: