X

വെടിക്കെട്ട്: നിയന്ത്രണം കര്‍ശനമാക്കി സര്‍ക്കുലര്‍; ഗുണ്ടിനും അമിട്ടിനും വിലക്ക്

തൃശൂര്‍: പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടികെട്ടിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കി. ഉത്സവകാലം അടുത്തതോടെയാണ് നടപടി ശക്തമാക്കിയത്. സര്‍ക്കുലര്‍ ജില്ലാ കലക്ടര്‍മാര്‍ക്കും തൃശൂര്‍ പൂരം സംഘാടകര്‍ക്കും അധികൃതര്‍ അയച്ചു. ഗുണ്ട്, അമിട്ട് എന്നിവയുടെ ഉപയോഗിക്കുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തി. കൂടാതെ വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
നിരോധിത സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചതിനാലാണ് അധികൃതര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

എക്‌സ്‌പ്ലോസീവ് വിഭാഗം നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് അഞ്ഞൂറിലധികം ഇടങ്ങളില്‍ ഇത്തരം നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് ജില്ലാ കലക്ടര്‍ സ്ഥലത്ത് പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതവും അനുയോജ്യവുമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളുവെന്നും രാവിലെ ആറു മണി മുതല്‍ പത്തു മണി വരെ വെടിക്കെട്ട് നടത്തുന്നത് കര്‍ശനമായി വിലക്കണമെന്നും നിര്‍ദേശമുണ്ട്.

 

Web Desk: