ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നത് മാത്രമല്ല വൈറസ് ബാധയോടനുബന്ധിച്ച് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനിടയാകുന്നതും കോവിഡ്‌രോഗിയുടെ നില ഗുരുതരമാക്കുകയും മരണം വരെ സംഭവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതായി വിദഗ്ധര്‍. ആഗോളതലത്തില്‍ കോവിഡ് രോഗികളില്‍ 14-28 ശതമാനം പേരില്‍ ഡീപ് വെയിന്‍ ത്രോംബോസിസ് (ഡി.വി.ടിയും) 2-5 ശതമാനം പേരില്‍ ആര്‍ട്ടേറിയല്‍ ത്രോംബോസിസും കണ്ടുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ടൈപ്പ്-2 പ്രമേഹരോഗികളില്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നതായി ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയിലെ കാര്‍ഡിയോ-തൊറാസിക് വാസ്‌കുലര്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ അമരീഷ് കുമാര്‍ പറഞ്ഞു. ശരീരത്തില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്ന സിരകളിലുണ്ടാകുന്ന രക്തം കട്ടപിടക്കലാണ് ഡിവിടി. ഹൃദയത്തില്‍ നിന്ന് വിവിധ ശരീരഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ആര്‍ട്ടേറിയല്‍ ത്രോംബോസിസ്. കോവിഡും രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കലും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി കഴിഞ്ഞ കൊല്ലം നവംബറില്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ത്രോംബോ എംബോളിസം അഥവാ രക്തക്കട്ടകള്‍ രൂപംകൊള്ളുന്നതു മൂലം സിരകളിലും ധമനികളിലും രക്തചംക്രമണം തടസ്സപ്പെട്ട് രോഗികളുടെ ജീവന് ഭീഷണിയാകുന്നതായി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോം മൂലമാണ് കോവിഡ് രോഗികള്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതെന്നായിരുന്നു ആദ്യനിഗമനങ്ങള്‍. തുടര്‍പഠനങ്ങളിലാണ് രോഗികളില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്.
രക്തക്കുഴലുകള്‍ ശരീരത്തിലാകമാനമുള്ളതിനാല്‍ ഏതു ഭാഗത്ത് വേണമെങ്കിലും രക്തക്കട്ടകള്‍ രൂപീകൃതമാകാം. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 20 മുതല്‍ 30 ശതമാനം വരെ രോഗികളില്‍ ഈ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. അപൂര്‍വമായി മാത്രം കണ്ടുവരുന്ന രക്തം കട്ടപിടിക്കലാണ് സെറിബ്രല്‍ വെനസ് ത്രോംബോസിസ് (സി.വി.ടി). മസ്തിഷ്‌കത്തിലെ രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്ന ഈ അവസ്ഥ കോവിഡ് രോഗികളില്‍ കാണപ്പെടുന്നു. ഇത് കണ്ടുവരുന്ന മുപ്പത് ശതമാനത്തോളം കോവിഡ് രോഗികളും മുപ്പത് വയസ്സിന് താഴെ പ്രായമുള്ളവരാണ്.
അഞ്ച് ലക്ഷം കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് ദശലക്ഷത്തില്‍ 39 പേര്‍ക്ക് സിവിടി ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുള്ളത്. രക്തം നേര്‍പ്പിക്കാനുള്ള മരുന്ന് നല്‍കുന്നത് നില മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വാസ്‌കുലര്‍ ആന്‍ഡ് എന്‍ഡോവാസ്‌കുലര്‍ സര്‍ജനായ ഡോക്ടര്‍ അംബരീഷ് സാത്വിക് പറയുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥ എത്രയും പെട്ടെന്ന് തിരിച്ചറിയാനായാല്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങാതെ രോഗിയെ രക്ഷിക്കാനാവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഹൃദയസംബന്ധിയായ പ്രശ്നങ്ങളുള്ള രോഗികളില്‍ ഇത് കണ്ടെത്തുന്നത് പ്രയാസകരമാണെന്നും അതിനാലാണ് അത്തരം രോഗികളില്‍ കോവിഡ് ഗുരുതരമാകുന്നതെന്നും ഡോക്ടര്‍ അംബരീഷ് പറയുന്നു