X

സിനിമാ സമരം പൊളിയുന്നു

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി ഇന്നുമുതല്‍ സിനിമകള്‍ റിലീസ് ചെയ്യും. സംസ്ഥാനത്തെ ഇരുന്നൂറോളം തിയറ്ററുകളിലാണ് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ തീരുമാനമായത്. തമിഴ് താരം വിജയ് നായകനായ ഭൈരവയാണ് ഇന്ന് റിലീസ് ചെയ്യുക. 19 മുതലാണ് മലയാള ചിത്രങ്ങളുടെ റിലീസ്. കാംബോജിയായിരിക്കും ആദ്യം റിലീസ് ചെയ്യുന്ന മലയാള ചിത്രം.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗങ്ങള്‍ അല്ലാത്ത മള്‍ട്ടിപ്ലക്്‌സുകള്‍ ഉള്‍പെടെയുളള തിയേറ്ററുകളിലാണ് ഇന്നത്തെ റിലീസ്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗത്വമുളള ചില തിയേറ്ററുകളിലും സിനിമ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും അവകാശപ്പെട്ടു. എന്നാല്‍ ഈ തീയേറ്ററുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമകളുടെ റിലീസിന് കളമൊരുങ്ങിയതോടെ സിനിമാസമരം പൊളിയുന്നതിന്റെ സൂചനയാണ് കാണുന്നത്. ഒരു മാസമായി തിയേറ്റര്‍ ഉടമകള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സമരം നടത്തി വരികയായിരുന്നു.

സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സിനിമാ–സാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയേറ്ററുകളും പുതിയ സംഘടനയില്‍ ചേരും. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഈ സംഘടനയില്‍ അംഗമാകും. ഇതോടെ സിനിമാ സമരം പൂര്‍ണമായും പൊളിയാനാണ് സാധ്യത. റിലീസിങ് തിയേറ്ററുകളുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഉള്ളവരും ഇല്ലാത്തവരുമായ ആളുകളും പുതിയ സംഘടനയില്‍ ഉണ്ടാകും. അതേസമയം ഇന്നുമുതല്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടാന്‍ ഫെഡറേഷന്‍ തീരുമാനിച്ചു.

 

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടതു മൂലം മലയാള സിനിമക്ക് സംഭവിച്ചതു വന്‍നഷ്ടമാണ്. ഈ ചിത്രങ്ങളില്‍ രണ്ടെണ്ണമെങ്കിലും വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുമെന്നും സൂചനയുണ്ട്. തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന നിലപാട് ഉടമകള്‍ ആവശ്യപ്പെട്ടതോടെയാണ് സിനിമാസമരം ആരംഭിച്ചത്. സംസ്ഥാനത്തെ 350 ഓളം തിയേറ്ററുകളാണ് മൂന്ന് ആഴ്ചയായി നിശ്ചലമായത്.

chandrika: