കൊച്ചി: ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ തിയ്യറ്റര്‍ വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ ഉടലെടുത്ത സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. തിയ്യറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ തിയ്യറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നതിലേക്കു നീങ്ങുകയാണ് സമരം.
ഫെഡറേഷന്റെ തിയറ്ററുകളില്‍ നിന്നും നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുമെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ലിബര്‍ട്ടി ബഷീര്‍ നേതൃത്വം നല്‍കുന്ന കേരള സിനി എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ അംഗങ്ങളുടെ തിയ്യറ്ററുകളില്‍ നിന്ന് മോഹന്‍ലാലിന്റെ പുലിമുരുകന്‍, നാദിര്‍ഷ സംവിധാനം ചെയ്ത ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ പിന്‍വലിക്കുമെന്നാണ് വിതരണക്കാരും നിര്‍മാതാക്കളും അറിയിച്ചത്.
നൂറു കോടി ക്ലബില്‍ കയറിയ മൊഹന്‍ലാല്‍ ചിത്രവും കട്ടപ്പന, ആനന്ദം എന്നീ ചിത്രങ്ങളും വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. ഇതിന് പകരം മള്‍ട്ടിപ്ലക്സുകളിലും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള തിയ്യറ്ററുകളിലും ബി ക്ലാസ് തിയ്യറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
50-50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം നല്‍കിയില്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ വിതരണക്കാര്‍ രംഗത്തെത്തിയത്.