കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയ്യേറ്ററുകളില്‍ വിജിലന്‍സ് പരിശോധന. തിയ്യേറ്ററുടമകള്‍ വിനോദ നികുതിയും സെസും അടക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് പരിശോധന നടക്കുന്നത്. സിനിമാ സമരം നടക്കുന്ന സാഹചര്യത്തില്‍ പരിശോധന തിയ്യേറ്റര്‍ ഉടമകളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.
സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദനികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടക്കണമെന്നാണ് നിയമം. എന്നാല്‍ ഈ തുക അടക്കാതെ തിയ്യേറ്റര്‍ ഉടമകള്‍ കൃത്രിമം കാണിക്കുന്നുവെന്നാണ് പരക്കെയുള്ള പരാതി. സംസ്ഥാനത്ത് സിനിമാ സമരത്തിന് നേതൃത്വം നല്‍കുന്ന തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ തലശ്ശേരിയിലെ തിയ്യറ്റര്‍ കോംപ്ലക്‌സിലും റെയ്ഡ് നടന്നു. ലിബര്‍ട്ടി ബഷീറിന്റെ തിയ്യേറ്ററുകളില്‍ 80 രൂപ ടിക്കറ്റിന് 100 രൂപ ഈടാക്കുന്നതായും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
സമരം തീര്‍ക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന രഹസ്യചര്‍ച്ചയും പരാജയമായിരുന്നു. ലിബര്‍ട്ടി ബഷീറിനെ ഒഴിവാക്കി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ മറ്റ് സംസ്ഥാന ഭാരവാഹികളുമായിട്ടായിരുന്നു ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ ഇതും പരാജയപ്പെടുകയായിരുന്നു.