X

സിനിമ ആൽക്കെമി ഡിജിറ്റൽ ആർട്ട് എക്‌സിബിഷന് നാളെ തുടക്കം

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യൻമാർക്ക് ആദരമർപ്പിച്ചുള്ള ‘സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’ എക്‌സിബിഷന് നാളെ (14 ഡിസംബർ) തുടക്കമാകും. പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ. രാജീവ് കുമാർ ക്യൂറേറ്ററാകുന്ന പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും. രാവിലെ 11നു മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുക്കും.

അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി. ജോർജ്, ആഗ്നസ് വർദ, മാർത്ത മെസറോസ്, മീര നായർ തുടങ്ങി 50 ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിക്കുന്ന പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നാകും. ഓരോ ചലച്ചിത്രാചാര്യൻമാരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പകരുന്ന പ്രദർശനത്തിൽ സറിയലിസത്തിന്റെയും ഹൈപ്പർ റിയലിസത്തിന്റെയും ദൃശ്യസാധ്യതകൾ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു.

സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയാക്കിയ ചലച്ചിത്രപ്രതിഭകളെയാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ക്യുറേറ്റർ ടി.കെ രാജീവ് കുമാർ പറഞ്ഞു. ചലച്ചിത്രകലയിലെ അവരുടെ പ്രാവീണ്യം മാത്രമല്ല സാമൂഹികപ്രശ്നങ്ങളിൽ അവർ സ്വീകരിച്ച ധാർമിക സമീപനത്തെക്കൂടി അടയാളപ്പെടുത്തുന്നതാകും പ്രദർശനം. അവർ ചലച്ചിത്രകാരൻമാർ മാത്രമല്ല, രാഷ്ട്രീയം, ധാർമ്മികത, സാംസ്‌കാരികസ്വത്വം എന്നീ വിഷയങ്ങൾ സിനിമകളിലൂടെ അവതരിപ്പിച്ച ദാർശനികരും സാമൂഹികപ്രവർത്തകരുമായിരുന്നുവെന്ന് ടി.കെ.രാജീവ്കുമാർ പറഞ്ഞു.

ലോകോത്തര ചലചിത്രകാരന്മാരിൽ നിന്ന് 50 പേരെ തെരഞ്ഞെടുക്കുകയെന്നത് ശ്രമകരമായിരുന്നെന്ന് റാസി മുഹമ്മദ് പറഞ്ഞു. ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നടക്കുന്ന പ്രദർശനം. ഒരു ചലച്ചിത്രകാരന്റെ പല സിനിമകളിൽ നിന്നാണ് പ്രദർശനത്തിനെത്തുന്ന ഓരോ ഡിജിറ്റൽ ആർട്ടും പിറവിയെടുത്തതെന്നും റാസി മുഹമ്മദ് പറഞ്ഞു.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽനിന്ന് ബിരുദവും ബറോഡ എം.എസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ റാസി മുഹമ്മദ്, പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സീനിക് ഡിസൈനിൽ സ്പെഷ്യലൈസേഷനോടെ ഡിപ്ലോമയും നേടിയിട്ടുണ്ട്. ദസ്തയേവ്സ്‌കിയുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘വെളുത്ത രാത്രികൾ’ എന്ന സിനിമ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
‘സിനിമ ആൽക്കെമി’ പ്രദർശനത്തിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

webdesk17: