വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി മൈക്ക് പോംപയോയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും രഹസ്യ ചര്‍ച്ച നടത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ പോംപയോ ഉത്തരകൊറിയയിലെത്തി ഉന്നിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയായിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട വാര്‍ത്ത ട്രംപ് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ യു.എസ്-ഉത്തരകൊറിയ ബന്ധം പുതിയ വഴിത്തിരിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പായി. പോര്‍വിളി നടത്തിയും ഭീഷണിപ്പെടുത്തിയും ബദ്ധശത്രുക്കളെപ്പോലെയാണ് അമേരിക്കയും ഉത്തരകൊറിയയും ഇതുവരെ പെരുമാറിയിരുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും പിണക്കം മാറി ഇണങ്ങിത്തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത വ്യക്തമാക്കുന്നത്.
അടുത്ത മാസം നടക്കാനിരിക്കുന്ന ട്രംപ്-ഉന്‍ കൂടിക്കാഴ്ചക്ക് സാഹചര്യമൊരുക്കാനാണ് പോംപയോ ഉത്തരകൊറിയയിലെത്തിയതെന്ന് യു.എസ് വൃത്തങ്ങള്‍ പറയുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെക്കുറിച്ച് ട്രംപിനും ഉന്നിനും നേരിട്ട് ചര്‍ച്ച നടത്തുന്നതിന് പശ്ചാത്തലമൊരുക്കിയാണ് സി.ഐ.എ ഡയറക്ടര്‍ മടങ്ങിയത്. കഴിഞ്ഞയാഴ്ച നടന്ന പോംപയോ-ഉന്‍ കൂടിക്കാഴ്ചയില്‍ ഒരു നല്ല ബന്ധം രൂപപ്പെട്ടതായി ട്രംപ് ട്വിറ്ററില്‍ കുറിച്ചു. കൂടിക്കാഴ്ച വളരെ സുഗമമായിരുന്നു. ഉന്നുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ തയാറാക്കികൊണ്ടിരിക്കുകയാണ്. ആണവനിരായുധീകരണം ലോകത്തിനും ഉത്തരകൊറിയക്കും ഒരുപോലെ പ്രധാനമാണ്-ട്രംപ് പറഞ്ഞു.
ഉത്തരകൊറിയയുമായി അങ്ങേയറ്റം ഉന്നതതലത്തിലുള്ള ചര്‍ച്ചകള്‍ നടന്നതായി ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് പോംപയോയുടെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് തുടക്കത്തില്‍ തയാറായിരുന്നില്ല. എന്നാല്‍ പിന്നീട് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ട്രംപ് തന്നെ രംഗത്തെത്തി. ട്രംപ്-കിം കൂടിക്കാഴ്ച ഏറെ ഗുണം ചെയ്യുമെന്നാണ് ഉത്തരകൊറിയയില്‍നിന്ന് തിരിച്ചെത്തിയ ശേഷം പോംപയോ അമേരിക്കന്‍ സെനറ്റിനെ അറിയിച്ചത്. 2002ല്‍ അന്നത്തെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ആള്‍ബ്രൈറ്റ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലുമായി കൂടിക്കാഴ്ച നടത്തിയശേഷമുള്ള ആദ്യ ഉന്നതതല ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. അമേരിക്കക്ക് ഉത്തരകൊറിയയുമായി നയതന്ത്രബന്ധങ്ങളൊന്നുമില്ല.
ദക്ഷിണകൊറിയയിലെ ശൈത്യകാല ഒളിമ്പിക്‌സോടെയാണ് മേഖലക്ക് ആശ്വാസം പകര്‍ന്ന് സൗഹൃദ വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. ഒളിമ്പിക്‌സില്‍ ഉത്തര, ദക്ഷിണകൊറിയകള്‍ സംയുക്ത ടീമിനെ രംഗത്തിറക്കിയിരുന്നു.
ഉത്തരകൊറിയയുമായി അടുക്കാനുള്ള ദക്ഷിണകൊറിയയുടെ നീക്കങ്ങളെ അമേരിക്ക തുടക്കത്തില്‍ എതിര്‍ത്തിരുന്നെങ്കിലും ഇപ്പോള്‍ ട്രംപ് തന്നെ അതിന് മുന്‍കൈയെടുത്തിരിക്കുകയാണ്. ആണവായുധ, മിസൈല്‍ പദ്ധതികളുടെ പേരില്‍ നേരിടുന്ന യു.എന്‍ ഉപരോധങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് ഉത്തരകൊറിയയുടെ നീക്കമെന്ന് യു.എസ് ആദ്യം ആരോപിച്ചിരുന്നു.