ന്യൂഡല്‍ഹി: രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അദ്ദേഹത്തിന്റെ മരണമോ, രാഷ്ടീയത്തില്‍ പിന്‍വാങ്ങലോ പെട്ടെന്നുണ്ടായാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമെന്ന് അമേരിക്കന്‍ ചാര സംഘടന സിഐഎ വിലയിരുത്തിയതായി രേഖകള്‍. ‘രാജീവിന് ശേഷം ഇന്ത്യ…….’ എന്ന ഭാഗികമായി നീക്കം ചെയ്ത തലക്കെട്ടാണ് 23 പേജ് വരുന്ന റിപ്പോര്‍ട്ടിന് നല്‍കിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിക്കുന്ന വിവിധ രഹസ്യ രേഖകള്‍ നേരത്തെ സിഐഎ പുറത്ത് വിട്ടിരുന്നു. 1986 ജനുവരി വരെയുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള ഈ റിപ്പോര്‍ട്ടിന്റെ പല ഭാഗങ്ങളും മാറ്റി നിര്‍ത്തിയ ശേഷമാണ് പുറത്ത് വിട്ടിരിക്കുന്നത്. രാജീവ് ഗാന്ധി പൊടുന്നനെ അധികാരമൊഴിയുകയാണെങ്കില്‍ ഉടലെടുക്കാവുന്ന ദേശീയ അന്തര്‍ദേശീയ സാഹചര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാധ്യത വളരെ അധികമാണ്. 1989ല്‍ ഭരണകാലം കഴിയുന്നതിന് മുമ്പ് തന്നെ അപായപ്പെടുത്താനുളള ശ്രമങ്ങളുണ്ടാവാം. വധിക്കാന്‍ ഒന്നിലധികം തീവ്രകക്ഷിള്‍ ശ്രമിച്ചേക്കാം. സിഖ്, കശ്മീര്‍ മുസ്‌ലിം വിഭാഗങ്ങളാണ് രാജീവിനെ വധിക്കുന്നതെങ്കില്‍ വടക്കന്‍ മേഖലയില്‍ സൈന്യത്തെ വിന്യസിക്കേണ്ട ശക്തമായ വര്‍ഗീയ കലാപമുണ്ടാകാം. എന്നാല്‍, തമിഴ് പുലികള്‍ രാജീവിനെ കൊല്ലാനുള്ള സാധ്യതയെ കുറിച്ച് രേഖകളില്‍ വ്യക്തമല്ല. ശ്രീലങ്കന്‍ തമിഴരും സിംഹള സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ രാജീവിന്റെ മധ്യസ്ഥ ശ്രമങ്ങളെ കുറിച്ച് പറയുന്ന ഭാഗം ഭാഗികമാണ്. രാജീവ് ഗാന്ധി കൊല്ലപ്പെടുകയാണെങ്കില്‍, നരസിംഹ റാവുവോ, വി.പി സിങോ ഇടക്കാല പ്രധാനമന്ത്രിയാകും. ആര് പിന്‍ഗാമിയായി വന്നാലും രാജീവിന്റെ മരണം യുഎസ് താല്‍പര്യങ്ങള്‍ക്ക് എതിരായിരിക്കും. പട്ടാള അട്ടിമറി തടയുന്നതിന് ഒരു കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലെത്താന്‍ സാധ്യതയുണ്ട്. എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. രാജീവ് ഗാന്ധി രാജിവെയ്ക്കാനുള്ള സാധ്യത റിപ്പോര്‍ട്ട് തള്ളികളയുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിനു യുഎസ്, സോവിയറ്റ് യൂണിയന്‍ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളില്‍ വന്നേക്കാവുന്ന വ്യതിയാനവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.