കൊച്ചി: മോഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സുധീറിന് സസ്‌പെന്‍ഷന്‍. മോഫിയയുടെ കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിരന്തരമായ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിജിപിയാണ് സസ്‌പെന്റ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. സുധീറിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി മോഫിയയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു സംസാരിച്ചു. സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മോഫിയയുടെ പിതാവ് പറഞ്ഞു.
സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസം തുടരുന്നതിനിടെയാണ് നടപടി.
ഭര്‍തൃപീഡനത്തിന് പരാതി നല്‍കിയ മൊഫിയയെ സിഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനില്‍ നിന്ന് പോയ മൊഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് സുഹൈലിനും മാതാപിതാക്കള്‍ക്കും സിഐക്കും എതിരെ മൊഫിയ ആത്മഹത്യാ കുറിപ്പില്‍ ആരോപണമുയര്‍ത്തിയിരുന്നു.