കൊച്ചി: കാണാതാവുന്നതിന് മുമ്പ് സി.ഐ നവാസ് ഭാര്യക്കയച്ച സന്ദേശം പുറത്ത്. താനൊരു യാത്ര പോവുകയാണെന്നും വിഷമിക്കരുതെന്നും സി.ഐ ഭാര്യക്കയച്ച വാട്‌സ്അപ്പ് സന്ദേശത്തില്‍ പറയുന്നു. ഇന്നലെ രാവിലെ തേവരയിലുള്ള എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
പുലര്‍ച്ചെയാണ് എ.ടിഎമ്മിലെത്തിയത്. ഇവിടെ രണ്ടരമിനിറ്റാണ് ചെലവഴിച്ചിരിക്കുന്നത്. 10000 രൂപ പിന്‍വലിച്ചിട്ടുണ്ട്. ഇത് യാത്രക്കോ മറ്റു ചിലവുകള്‍ക്കോ ആവശ്യമുള്ളതാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം, തിരോധാനത്തില്‍ തെക്കന്‍ കേരളത്തില്‍ അന്വേഷണം പോലീസ് ശക്തമാക്കി. തെക്കന്‍ ജില്ലകളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഇന്നലെ കായംകുളത്തു വെച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വിശദ അന്വേഷണം നടത്തിയിരുന്നു.
ഡിജിപിയുടെ ഉത്തരവനുസരിച്ച് കൊച്ചി ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സി.ഐ നവാസിന്റെ തിരോധാനം അന്വേഷിക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പൃഥിരാജിന്റെ നേതൃത്വത്തില്‍ ഡിജിപിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സിഐമായുണ്ടായ തര്‍ക്കത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി കമ്മിഷണര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു.