കൊച്ചി: ജനാഭിമുഖ കൂര്‍ബാനയെ ചൊല്ലി എറണാകുളം സെന്റ്‌മേരീസ് ബസിലിക്കയില്‍ ബഹളം. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഇന്നലെ ബസലിക്കയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നു. വൈകിട്ട് ബസലിക്കയില്‍ വിമത വിഭാഗത്തിലെ ഫാ. ജോസ് ചോലിക്കര, ഫാ.സണ്ണി കളപുരക്കല്‍, ഫാ. ജോസഫ് കുരീക്കല്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ പൊലിസ് സംരക്ഷണത്തോടെ എത്തിയ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പുതുവേലില്‍ വിമത വിഭാഗത്തിന് അഭിമുഖമായി നിന്ന് സിനഡ് കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു. ഇരുകൂട്ടരുടെയും കൂര്‍ബാന നീണ്ടുപോയതോടെ വിശ്വാസികളും ചേരിതിരിഞ്ഞ് പള്ളിക്കുള്ളില്‍ ബഹളമുണ്ടാക്കി. ഇതിനിടെ പള്ളിയിലേക്കുള്ള വൈദ്യുതി വിശ്ചേദിക്കപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഒപ്പമെത്തിയവരാണ് വൈദ്യുതി വിശ്ചേദിച്ചതെന്ന് വിമത വിഭാഗം ആരോപിച്ചു. തുടര്‍ന്ന് സിനഡ് കൂര്‍ബാന അവസാനിപ്പിച്ച് ഫാ. ആന്റണി പൂതവേലി അള്‍ത്താരയില്‍ നിന്ന് പോയതോടെ ഔദ്യോഗിക വിഭാഗത്തെ അനുകൂലിക്കുന്ന സ്ത്രീകളുടെ സംഘം അള്‍ത്തരയിലേക്ക് പ്രവേശിച്ച് ജനാഭിമുഖ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികരെ തടയാന്‍ ശ്രമിക്കുകയും, തിരുവോസ്ഥി കൈക്കലാക്കുകയും ചെയതു. ഇതോടെ ഇരൂകുട്ടരും തമ്മില്‍ പരസ്പരം അള്‍ത്താരയ്ക്ക് മുമ്പില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. അള്‍ത്താരയില്‍ ജനാഭിമുഖ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു ഇത്. അസഭ്യവര്‍ഷം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന അവസ്ഥയെത്തിയതോടെ പൊലിസ് ഇടപെട്ട് വിശ്വാസികളെ അള്‍ത്താരയില്‍നിന്ന് പുറത്താക്കി. ഇന്നലെ ആറ് മണിക്ക് തുടങ്ങിയ വിശുദ്ധ കുര്‍ബാനക്ക് ശേഷം ക്രിസ്മസ് രാത്രി പാതിരാ കുര്‍ബാന വരെയും രാപകല്‍ തുടര്‍ച്ചയായി കുര്‍ബാനയര്‍പ്പിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. സിനഡ് കൂര്‍ബാന പൂര്‍ത്തിയാക്കിയെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ പള്ളിയില്‍ അള്‍ത്താരക്ക് സമീപമുള്ള മുറിയില്‍ തങ്ങുകയാണ്. ഇതോടെ രാത്രി വൈകിയും പള്ളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ReplyForward
|