X

ഗ്യാന്‍വാപി മസ്ജിദ് സര്‍വേയുമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി കോടതിയില്‍

ഗ്യാന്‍വാപി പള്ളി സര്‍വേയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് നിയന്ത്രിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി വാരണാസി ജില്ലാ കോടതിയില്‍ ഹരജി നല്‍കി. കോടതിയുടെ നിര്‍ദേശപ്രകാരം നടക്കുന്ന സര്‍വേയുടെ വിശദാംശങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഹരജിയില്‍ പറഞ്ഞു.

സര്‍വേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹികമാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായതുമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. ”സമാധാനം നിലനിര്‍ത്തുന്നതിനും പൊതുജനങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കുന്നതിനും സര്‍വേയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പ്രചരിപ്പിക്കുന്നതില്‍ നിന്നും സോഷ്യല്‍, പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളെ തടയേണ്ടത് ആവശ്യമാണ്” -ഹരജിയില്‍ വ്യക്തമാക്കി. കേസ് ഇന്ന് കോടതി പരിഗണിക്കും.

ഗ്യാന്‍വാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു വകുപ്പിന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അലഹാബാദ് ഹൈകോടതി വിധിക്കെതിരെ അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതി ഉത്തരവ്. അതിനിടെയാണ്, സര്‍വേയില്‍ ഹിന്ദു വിഗ്രഹവും ത്രിശൂലവും കണ്ടെത്തിയതായി കിംവദന്തികള്‍ പ്രചരിപ്പിച്ചത്. ഇത്തരം കിംവദന്തികള്‍ അവസാനിപ്പിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തോ?ട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മേല്‍ നിര്‍മിച്ചതാണോ എന്ന് നിര്‍ണയിക്കുന്നത് സംബന്ധിച്ച പരിശോധനയാണ് നടക്കുന്നത്. സര്‍വേയില്‍ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതുവഴി പള്ളിയുടെ അടിയില്‍ ഏതെങ്കിലും കെട്ടിടത്തിന്റെ ഘടനയുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് മുന്‍ എ.എസ്.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

webdesk13: