X

ചൂരല്‍മല-മുണ്ടക്കെെ ദുരന്തം; മരിച്ച മൂന്ന് ആളുകളെ കൂടി തിരിച്ചറിഞ്ഞു

വയനാട് ദുരന്തത്തിൽ മരിച്ച മൂന്നുപേരെ കൂടി തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഫലത്തിലാണ് മരിച്ച വ്യക്തികളെ തിരിച്ചറിഞ്ഞത്. ചൂരൽമല സ്വദേശി പാത്തുമ്മ, മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് ബാൻഷാ എന്നിവരെയാണ് ഡിഎൻഎ ഫലത്തിലൂടെ തിരിച്ചറിഞ്ഞത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കി ചൂരല്‍മല-മുണ്ടക്കെെ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. 2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിൻ്റെ ആവശ്യം അന്തർ സംസ്ഥാന സമിതി പരിഗണിക്കും. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നെങ്കിൽ ഈ തുക വയനാടിന് അനുവദിക്കും. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ 783 കോടി ഉണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടിയിരുന്നു.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നും കേരളം ആവശ്യം മുൻപേ തന്നെ ഉയർത്തിയിരുന്നു. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമെങ്കില്‍ വയനാടിനായി ചിലവഴിക്കാമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് ദുരന്തം നടന്ന് നാല് മാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.

2024 ജൂലൈ 30നായിരുന്നു നാടിനെ നടുക്കിയ ചൂരല്‍മലമുണ്ടക്കൈ ദുരന്തമുണ്ടാകുന്നത്. മേപ്പാട് പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിവിടങ്ങളില്‍ പുലര്‍ച്ചയോടെ ഒന്നിലധികം തവണ ഉരുള്‍ പൊട്ടുകയായിരുന്നു.

webdesk13: