തിരുവനന്തപുരം: തൃക്കാക്കരയിലെ ദയനീയ തോല്‍വിക്കൊപ്പം തകര്‍ന്നുവീണത് സെഞ്ച്വറി നേടി ഇന്നിംഗ്‌സിന്് പൂര്‍ണത നല്‍കാനുള്ള പിണറായി വിജയന്റെ സ്വപ്‌നങ്ങളും. 99 എം.എല്‍.എമാരുള്ള എല്‍.ഡി.എഫ് 100 തികക്കുമെന്ന് ആവേശത്തോടെ പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരക്ക് വണ്ടികയറിയത്. 20 ദിവസത്തിലേറെ മണ്ഡലത്തില്‍ ചെലവഴിച്ച മന്ത്രിമാരും എം.എല്‍.എമാരും ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മിനിറ്റുകളില്‍ തന്നെ നിരാശരായി.
കേവലം 22 ബൂത്തുകളില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥിക്ക് നേരീയ ലീഡ് നേടാനായത്. മന്ത്രിമാരുടെ പ്രചാരണം തീര്‍ത്തും ഫലം കണ്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ജാതിയും മതവും നോക്കി മന്ത്രിമാര്‍ ഭവന സന്ദര്‍ശനം നടത്തിയെന്നും വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ തന്ത്രങ്ങളും പിഴക്കുന്നതാണ് തൃക്കാക്കരയില്‍ കണ്ടത്.
പ്രവര്‍ത്തനങ്ങള്‍ പിണറായി നേരിട്ടാണ് നിയന്ത്രിച്ചത്. വാര്‍ഡു തലത്തിലെ കുടുംബയോഗങ്ങളില്‍ വരെ മുഖ്യമന്ത്രി പങ്കെടുത്തു. സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടം മുതല്‍ ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കി സംസ്ഥാന നേതാക്കള്‍ നടത്തിയ നീക്കങ്ങള്‍ പാളുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉമക്കെതിരെ നടത്തിയ പ്രചാരണങ്ങളും സഭാ ബന്ധവും മറ്റ് നാടകങ്ങളും തോല്‍വിയുടെ ആഘാതം കൂട്ടി.
ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നും രംഗപ്രവേശനം ചെയ്ത സ്ഥാനാര്‍ത്ഥി സി.പി.എം അണികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആളായെന്നും പറയപ്പെടുന്നു. യുവജന നേതാവായ കെ.എസ് അരുണ്‍കുമാറിന് വേണ്ടി ചുവരെഴുതി തുടങ്ങിയ ശേഷം അത് മായ്ച്ചത് കുറച്ചുപേരെയെങ്കിലും മാറ്റി ചിന്തിപ്പിക്കാന്‍ ഇടയായി. പിണറായി നേതൃത്വം നല്‍കി, എല്‍.ഡി. എഫ് കണ്‍വീനറായ ഇ.പി.ജയരാജന്റെയും മന്ത്രി പി.രാജീവിന്റെയും മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. മന്ത്രിമാരും എം.എല്‍.എമാരും മണ്ഡലത്തില്‍ മുഴുവന്‍ സമയവും കേന്ദ്രീകരിച്ചു. എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും പരാജയപ്പെട്ടത് സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ഘടകങ്ങള്‍ കൊണ്ടാണെന്ന അഭിപ്രായമുള്ളവര്‍ മുന്നണിയിലുണ്ട്. സാമുദായിക വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങള്‍ ഫലം കണ്ടില്ലെന്ന വാദവുമുണ്ട്.
സ്വതന്ത്രന്മാരെ കൂടെക്കൂട്ടാതെ പല സീറ്റുകളിലും മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കുന്ന ജില്ലയിലെ സംഘടനാ സംവിധാനത്തെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പി.ടി തോമസിന് വൈകാരിക ബന്ധമുള്ള മണ്ഡലത്തില്‍ പി.ടിക്കുള്ള വോട്ടുകള്‍ മനസിലാക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞില്ല.