കോഴിക്കോട്: തിരുപ്പിറവിയുടെ ഓര്‍മ പുതുക്കല്‍ ദിനമായ ക്രിസ്മസിനെ കേരളത്തിലും വിശ്വാസികള്‍ ആഘോഷപൂര്‍വം വരവേറ്റു. കൊവിഡ് മഹാമാരി വിതച്ച പ്രതിസന്ധികള്‍ക്കിടയിലും പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസികള്‍ പാതിരാക്കുര്‍ബാനയ്ക്കായി ഒത്തുചേര്‍ന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു സംസ്ഥാനത്തെ ദേവാലയങ്ങളിലെല്ലാം പ്രാര്‍ത്ഥനാച്ചടങ്ങുകള്‍ നടന്നത്.
തിരുവനന്തപുരം പാളയത്തെ സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിറവിയുടെ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ലത്തീന്‍ സഭയുടെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തിരുപ്പിറവി കര്‍മ്മങ്ങള്‍ക്ക് മുഖ്യകാ4മികനായി. കോഴിക്കോട് രൂപതാബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യ കാര്‍മ്മികനായുള്ള ക്രിസ്മസ് തിരുപ്പിറവി ദിവ്യബലി കോഴിക്കോട് ദേവമാത കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു. എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയിലും ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നു.
ഇതിനിടെ വളരെ വ്യത്യസ്മായ ക്രിസ്തുമസ് ആഘോഷത്തിനും കൊച്ചി വേദിയായി. ഇടപ്പള്ളി മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ സൈക്കിള്‍ ചവിട്ടിയാണ് ഒരു സംഘം വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിച്ചത്.
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രതിസന്ധികാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും വിശ്വാസികള്‍ പ്രതീക്ഷ കൈവിടുന്നില്ല. വലിയ ആഘോഷങ്ങളോ കരോളോ ബാന്റ് മേളങ്ങളോ കൂട്ടായ്മകളോ ഒന്നുമില്ലെങ്കിലും നാടും നഗരവും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്നു.