കോഴിക്കോട്: ക്രിസ്തുമസ്, പുതുവത്സര തിരക്കില്‍ വീര്‍പ്പമുട്ടി യാത്രക്കാര്‍. തിരക്കൊഴിവാക്കാന്‍ മലബാറിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം അവഗണിച്ചതോടെ നില്‍ക്കാനിടമില്ലാത്തവിധത്തില്‍ ഹൗസ്ഫുള്ളാണ് എല്ലാട്രെയിനുകളും. ക്രിസ്മസിന്റെ കഴിഞ്ഞുള്ള ഇന്ന് യാത്രക്കാരുടെ തിരക്ക്കാരണം പലര്‍ക്കും ദേഹാസ്വാസ്ഥ്യംനേരിടുകയുണ്ടായി. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഉള്‍കൊള്ളാവുന്നതില്‍ രണ്ടിരട്ടിയിലധികം പേരാണുണ്ടായിരുന്നത്. ശ്വാസംകിട്ടാതെയും നില്‍ക്കാനിടമില്ലാതെയും പലരും പ്രയാസപ്പെടുന്ന സ്ഥിതിയുണ്ടായതായി യാത്രക്കാര്‍ പരാതിപ്പെട്ടു. കഴിഞ്ഞ 22 മുതല്‍ ജനുവരി രണ്ടുവരെ കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചപ്പോള്‍ മലബാറിനെ റെയില്‍വെമന്ത്രാലയം പൂര്‍ണമായി തഴയുകയാണുണ്ടായത്.
മംഗളൂരുവില്‍ നിന്ന് കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളിലും നിന്നും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ജില്ലകളില്‍ എത്തേണ്ട വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് പ്രയാസത്തിലായത്. മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്ന രാത്രിട്രെയിനുകളായ മാവേലി, മലബാര്‍, തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയിലെല്ലാം മൂന്ന് മാസം മുന്‍പ് തന്നെ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു. ഇവയില്‍ സ്ലീപ്പര്‍, ത്രിടയര്‍ എ.സി, 2 ടയര്‍ എസി എന്നിവിടങ്ങളില്‍ ചുരുക്കം സീറ്റുകള്‍മാത്രമാണുള്ളത്. തല്‍കാല്‍ ക്വാട്ടയില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചാല്‍തന്നെ രണ്ടോമൂന്നോ മിനിറ്റിനകം പൂര്‍ത്തിയാവുകയും ചെയ്യും. കൂടുതല്‍ ട്രെയിന്‍ സര്‍വീസുണ്ടായിരുന്നെങ്കില്‍ തിരക്കൊഴിവാക്കാനാവുമായിരുന്നു.
ക്രിസ്മസ്, പുതുവത്സര ആഘോഷ കാലത്തെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് നേരത്തെതന്നെ സംസ്ഥാനം റെയില്‍വെമന്ത്രാലയത്തെ അറിയിച്ചിരുന്നു. റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ ത്രിപാഠിക്കാണ് കത്തയച്ചത്. ദില്ലി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകളില്ലാത്ത സ്ഥിതിയാണ്. വിമാനയാത്രക്കൂലി കുത്തനെ ഉയര്‍ന്നതോടെ ആളുകള്‍ ട്രെയിനുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ ട്രെയിന്‍യാത്ര ദുരിതപൂര്‍ണമായതോടെ മറ്റുമാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയിലാണ് ആളുകള്‍.