രാമല്ല: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റി കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനെതിരെ ജറുസലേമിലെ ക്രിസ്ത്യന്‍-ഇസ്‌ലാമിക് ഐക്യ കമ്മിറ്റി അംഗം ഫാദര്‍ മാന്വല്‍ മുസല്ലം രംഗത്ത്. മുസ്‌ലിംകളുടെ ആദ്യ കിബ്‌ലയായ മസ്ജിതുല്‍ അഖ്‌സ ഉള്‍പ്പെടെ പുണ്യ ഇടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുസല്ലം പറഞ്ഞു. ജറുസലേം വിഷയത്തിന് വര്‍ഗീയ മുഖം നല്‍കി യുദ്ധപ്രഖ്യാപനം നടത്താനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നത്. എന്നാല്‍ അത്തരമൊരു യുദ്ധം ഫലസ്തീനില്‍ പൊട്ടിപുറപ്പെടുകയാണെങ്കില്‍ ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍അഖ്‌സ പള്ളിക്കും ജറൂസലേമിനുമെതിരായ സയണിസ്റ്റ് ആക്രമണങ്ങള്‍ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. അതിന് മുസ്‌ലിം രാഷ്ട്രങ്ങള്‍ ഫലസ്തീനികള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യമെങ്കില്‍ ചെറുത്തു നില്‍പ്പിന് ആയുധങ്ങള്‍ കൈമാറണമെന്നും മുസല്ലം അഭ്യര്‍ത്ഥിച്ചു.
ട്രംപിന്റെ തീരുമാനം ശുദ്ധമണ്ടത്തരമാണ്. ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി മാറ്റിയതിലൂടെ ഫലസ്തീന്‍ ജനതയോടുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ നേതൃത്വവും ജനങ്ങളും വ്യത്യസ്ത തട്ടിലാണുള്ളത്. അത് ഒഴിവാക്കി ഇസ്രാഈലിനെ ചെറുക്കുന്നതിന് ഒറ്റക്കെട്ടായി പുതിയ നയം രൂപപെടുത്തേണ്ടതുണ്ടെന്നും ഫാദര്‍ മാന്വല്‍ മുസല്ലം പറഞ്ഞു.