X
    Categories: Views

നികുതി കേസിലും മെസി-കൃസ്റ്റിയാനോ വടംവലി

 

മാഡ്രിഡ്: സൂപ്പര്‍ താരങ്ങള്‍ ആരോപണ വിധേയരായ നികുതി കേസിലും ബാര്‍സിലോണ-റയല്‍ മാഡ്രിഡ് തര്‍ക്കം. ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും പ്രതിസ്ഥാനത്തുള്ള കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ക്ലബുകളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഒരു വര്‍ഷം പഴക്കമുള്ള മെസിയുടെ കേസ് ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത് കൃസ്റ്റിയാനോ റൊണാള്‍ഡോ നികുതി കേസില്‍ പിടിക്കപ്പെട്ടത് കൊണ്ടാണെന്നാണ് ബാര്‍സ വാദം. എന്നാല്‍ റയല്‍ ഇത് നിഷേധിക്കുന്നു.
മെസിയുടെ കേസ് നേരത്തെ തന്നെ ഒത്തുതീര്‍ക്കാന്‍ അവസരമുണ്ടായിട്ടും ഇപ്പോള്‍ സമാനമായ കേസില്‍ റയല്‍ മാഡ്രിഡ് താരം ആരോപണ വിധേയനായ സമയത്ത് തന്നെ കേസില്‍ വിധി പറഞ്ഞതിനെ ബാര്‍സിലോണ മാനേജ്‌മെന്റ് വിമര്‍ശിച്ചു. മെസിയുമായ ബന്ധപ്പെട്ട കേസ് പരിഹരിക്കാന്‍ ദീര്‍ഘനാളായി തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും എന്നാല്‍ വളരെ പെട്ടെന്ന് ഇപ്പോള്‍ പരിഹാരം നിര്‍ദ്ദേശിച്ചതിന് പിറകില്‍ മറ്റൊരു താരത്തിന്റെ സമാനമായ കേസുണ്ടായത് കൊണ്ടാണെന്ന് ബാര്‍സ വക്താവ് പറഞ്ഞു. കൃസ്റ്റിയാനോ റൊണാള്‍ഡോയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് പെട്ടെന്ന് പുതിയ നീക്കങ്ങള്‍. റൊണാള്‍ഡോ കോടതി മുറിയില്‍ നില്‍ക്കുന്നത് കാണാന്‍ ചിലര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ബാര്‍സ കുറ്റപ്പെടുത്തുന്നു. മെസിയും പിതാവും ഉള്‍പ്പെടുന്ന നികുതി വെട്ടിപ്പ് കേസ് ഒരു വര്‍ഷം മുമ്പുളളതാണ്. വളരെ വൈകിയാണ് കോടതി മെസിയെ വിചാരണ ചെയ്തത്. നല്ല നടപ്പും പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ രണ്ടാഴ്ച്ച മുമ്പാണ് ഇതേ പിഴവിന് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയെ മാഡ്രിഡ് ഭരണകൂടം പ്രതിയാക്കിയത്. എന്നാല്‍ റൊണാള്‍ഡോ സംഭവം വിവാദമാക്കുകയും താന്‍ ഇനി മാഡ്രിഡില്‍ കളിക്കാന്‍ വരില്ലെന്നും ഭീഷണി മുഴക്കിയിരുന്നു. ഈ നീക്കമാണ് മെസിയുടെ കാര്യത്തിലും പെട്ടെന്ന് ധാരണയാവാന്‍ കാരണമെന്നാണ് ബാര്‍സ വിശ്വസിക്കുന്നത്. നികുതി വെട്ടിപ്പ് കേസില്‍ 21 മാസത്തെ ജയില്‍ ശിക്ഷ ഒഴിവാക്കിക്കിട്ടാന്‍ 558000 ഡോളര്‍ പിഴയടക്കാമെന്ന് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. മെസ്സി മുന്നോട്ടു വെച്ച ഉപാധി അംഗീകരിച്ച് അദ്ദേഹത്തിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമോ എന്ന കാര്യത്തില്‍ ജഡ്ജി തീരുമാനമെടുക്കുമെന്ന് സ്പാനിഷ് സ്റ്റേറ്റ് പ്രൊസിക്യൂട്ടര്‍ ഇസബല്‍ ലോപസ് റിയേറ പറഞ്ഞു. അഭിഭാഷകന്‍ മുഖേനയാണ് മെസ്സി ഇത്തരമൊരു ഓഫര്‍ മുന്നോട്ടു വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെസ്സിയുടെ ഓഫറിനെ എതിര്‍ക്കില്ലെന്ന് ജഡ്ജിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മെസ്സിയുടെ പിതാവും സമാനമായ ഓഫര്‍ മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. 402,000 ഡോളറാണ് മെസ്സിയുടെ പിതാവ് ജയില്‍ ശിക്ഷ ഒഴിവാക്കാനായി പിഴയൊടുക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്. 15 മാസമാണ് നികുതി വെട്ടിപ്പ് കേസില്‍ മെസിയുടെ പിതാവിന് സ്പാനിഷ് കോടതി ജയില്‍ ശിക്ഷ വിധിച്ചിട്ടുള്ളത്. സ്പാനിഷ് നിയമമനുസരിച്ച് ആദ്യമായി കുറ്റം ചെയ്യുന്ന പ്രതികള്‍ക്ക് 24 മാസത്തില്‍ കുറഞ്ഞ തടവ് ശിക്ഷയാണെങ്കില്‍ അത് ജഡ്ജിക്ക് നേരിട്ട് സസ്‌പെന്റ് ചെയ്യാനാവും. സ്പാനിഷ് നികുതി ഓഫീസിന്റെ പ്രതിനിധിയായ അറ്റോര്‍ണിയും നിര്‍ദേശം പരിശോധിക്കും. കഴിഞ്ഞ വര്‍ഷമാണ് ബാഴ്‌സലോണ കോടതി 2007 മുതല്‍ 2009 വരെ കാലയളവില്‍ മെസ്സിയും പിതാവും മൂന്ന് അക്കൗണ്ടുകളിലായി 4.6 മില്യന്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. മെസ്സിക്ക് രണ്ട് മില്യന്‍ യൂറോയും പിതാവിന് 1.5 മില്യന്‍ യൂറോയും കോടതി പിഴ വിധിച്ചിരുന്നു. ഇരുവര്‍ക്കും 21 മാസത്തെ തടവും വിധിച്ചിരുന്നെങ്കിലും പിന്നീട് മെസിയുടെ പിതാവിന്റെ തടവ് ശിക്ഷ 15 മാസമായി കുറക്കുകയായിരുന്നു. റയല്‍ മാഡ്രിഡ് മുന്‍നിര താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുന്‍ കോച്ച് ജോസ് മൊറീഞ്ഞോയും നികുതി വെട്ടിപ്പ് നടത്തിയതായി രണ്ടാഴ്ച മുമ്പ് സ്പാനിഷ് നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇരുവരും സംഭവം നിഷേധിച്ചിരുന്നെങ്കിലും ആരോപണത്തെ തുടര്‍ന്ന് റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബ് വിടുമെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

chandrika: