ക്രൈസ്റ്റ്ചര്‍ച്ച്: കഴിഞ്ഞ വര്‍ഷം ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തിയ കൊലയാളി ബ്രന്റന്‍ ടാറന്റിന് ക്രൈസ്റ്റ്ചര്‍ച്ച് കോടതി ശിക്ഷ വിധിച്ചു. രണ്ടു പള്ളികളില്‍ കയറി വെടിയുതിര്‍ത്ത് 51 പേരെ കൊലപ്പെടുത്തിയ കൊലയാളിക്ക് പരോള്‍ ഇല്ലാതെ ആജീവാനന്തം തടവുശിക്ഷയാണ് കോടതി നല്‍കിയത്. ആദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഈ ശിക്ഷ വിധിക്കുന്നത്.
ബുധനാഴ്ചയായിരുന്നു കേസിലെ അവസാന വാദം കേള്‍ക്കല്‍. തുടര്‍ന്ന് ഇന്ന് രാവിലെ ക്രൈസ്റ്റ്ചര്‍ച്ച് കോടതി ജഡ്ജ് കമെറോണ്‍ മന്‍ഡറാണ് വിധി പ്രസ്താവിച്ചു. വെറുപ്പ് അടിസ്ഥാനമാക്കിയാണ് കുറ്റവാളിയുടെ ചിന്തയെന്ന് നിരീക്ഷിച്ച കോടതി, ക്രൂരവും മനുഷ്യത്വ രഹിതവുമാണ് കുറ്റവാളിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടി. കുട്ടികളെയും സ്ത്രീകളെയുമടക്കം കൊന്നുതള്ളാന്‍ ഇയാളെ പ്രേരിപ്പിച്ചത് വെറുപ്പാണ്, അതിനാല്‍ തന്നെ വലിയ ശിക്ഷാ നടപടിയാണ് കുറ്റവാളിക്കെതിരെ സ്വീകരിക്കുന്നതെന്നും ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അഭൂതപൂര്‍വമായ ശിക്ഷാ വിധിയാണിതെന്നും ജഡ്ജ് പറഞ്ഞു.
2019ലാണ് ആസ്്ട്രേലിയക്കാരനായ 29കാരന്‍ ബ്രന്റന്‍ ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ കയറി പ്രാര്‍ഥനയിലായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരമായി വെടിയുതിര്‍ത്തത്. ബുധനാഴ്ച നടന്ന വിചാരണ വേളയില്‍ ന്യൂസിലാന്റ് കോടതി നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
ടാരന്റിന്റെ ആക്രമണത്തില്‍ മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ മൂന്ന് വയസുകാരനായ മുക്കാദ് ഇബ്രാഹിമിന്റെ പിതാവായ ആദന്‍ ദിരിയെ, കോടതില്‍ വികാരഭരിതനായി. ‘അടുത്ത ജന്മത്തില്‍ യഥാര്‍ത്ഥ നീതി നിങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും അത് കഠിനമായ (ജയിലിനേക്കാള്‍) കഠിനമാകുമെന്നും അറിയണമെന്ന് ദിരിയെ കുറ്റവാളിയായ ടാറന്റിനോട് പറഞ്ഞു.
‘കൊല്ലപ്പെടുമ്പോള്‍ വെറും മൂന്ന് വയസ്സ് മാത്രമായിരുന്നു അവന്റെ പ്രായം. എന്തൊരു ഊര്‍ജസ്വലനും കുസൃതിയുമായിരുന്നു അവന്‍. എല്ലാവരുടെയും പൊന്നോമനയായിരുന്നു. നിങ്ങള്‍ കൊന്നുകളഞ്ഞത് ഞങ്ങളുടെ കണ്ണുകളിലെ പ്രകാശത്തെയാണ്. ന്യൂസീലന്‍ഡിലെ മുഴുവന്‍ ആളുകളെയും നിങ്ങള്‍ വെടിവച്ചു കൊല്ലുന്നതിനു തുല്യമായിരുന്നു എനിക്ക് അവന്റെ മരണം. ഇല്ല ഒരു കാലത്തും എനിക്ക് നിങ്ങളോട് പൊറുക്കാനാകില്ല. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനുള്ള നിങ്ങളുടെ നീക്കത്തെ ന്യൂസീലന്‍ഡ് ഒറ്റക്കെട്ടായി തോല്‍പ്പിച്ചു. ഇല്ല നിങ്ങളോട് ഞാന്‍ ക്ഷമിക്കില്ല. ആസന്നമായ വിധി ഏറ്റുവാങ്ങുക’ മകന്റെ കൊലയാളിയോട് വിചാരണവേളയില്‍ ഇത്രയും പറഞ്ഞോപ്പിക്കുമ്പോള്‍ ആദന്‍ ദിരിയെ വിറയ്ക്കുന്നുണ്ടായിരുന്നു.
വെടിവെപ്പില്‍ സഹോദരന്‍ മുഹമ്മദ് നഷ്ടമായ ഹസ്മിന്‍ മുഹമ്മദോസെന്‍ ടാറന്റിനെ ‘പിശാചിന്റെ മകന്‍’ എന്നാണ് വിളിച്ചത്. ‘നിങ്ങളുടെ സെല്ലിന്റെ നാല് മതിലുകള്‍ക്കിടയില്‍ നിത്യതയ്ക്കായി നരകത്തില്‍ അഴുകണമെന്നും’ ഹസ്മിന്‍ പറഞ്ഞു.