X

തകര്‍ത്താടി ഗെയിലിസം; പഞ്ചാബിന് സുന്ദര ജയം

ചണ്ഡിഗര്‍: പ്രായം എത്രയായാല്‍ എന്താ….! ക്രിസ് ഗെയില്‍ ക്രിസ് ഗെയില്‍ തന്നെ…. തന്നെ എഴുതിത്തള്ളിയവര്‍ക്ക് മുന്നിലേക്ക് അദ്ദേഹം പതിനൊന്ന് സിക്‌സറുകള്‍ പായിച്ചു. പന്ത് പലപ്പോഴും സ്‌റ്റേഡിത്തിന് പുറത്തുമായി. കരീബീയന്‍ വന്യതയുടെ സമസ്താലങ്കാരമായ ചാമ്പ്യന്‍ ബാറ്റ്‌സ്മാന്റെ സെഞ്ച്വറി വെടിക്കെട്ടില്‍ പതുങ്ങിപ്പോയ ഹൈദരാബാദുകാര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അധികമാരുമുണ്ടായിരുന്നില്ല. പഞ്ചാബ് സുന്ദരമായി ജയിച്ചു. ആര്‍. അശ്വിന്‍ നയിച്ച പഞ്ചാബ് ക്രിസ് ഗെയില്‍ പുറത്താവാതെ നേടിയ 104 റണ്‍സ് മികവില്‍ മൂന്ന് വിക്കറ്റിന് 193 റണ്‍സ് നേടിയപ്പോല്‍ ഹൈദരാബാദുകാരുടെ പ്രതീക്ഷയത്രയും യൂസഫ്് പത്താന്‍ എന്ന വെടിക്കെട്ടുകാരനിലായിരുന്നു. പഴയ ഫോമിന്റെ നിഴല്‍ മാത്രമായ യൂസഫ് 19 റണ്‍സുമായി മടങ്ങിപ്പോള്‍ നായകന്‍ വില്ല്യംസണ്‍ മാത്രമാണ് പൊരുതി നിന്നത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി കെ.എല്‍ രാഹുലും ക്രിസ് ഗെയിലുമാണ് ഇന്നിംഗ്‌സിന് തുടക്കമിട്ടത്. 53 റണ്‍സ് വരെയെത്തി ഈ സഖ്യം.

രാഹുല്‍ 18 ല്‍ പുറത്തായപ്പോള്‍ ഗെയില്‍ സംഹാര രൂപിയായി. ഭുവനേശ്വര്‍ കുമാറും റാഷിദ് ഖാനും ഹുദയുമെല്ലാം അടി വാങ്ങി. പന്ത് മാലപ്പടക്കത്തിന് തീ കൊടുത്ത പോലെ ഗ്യാലറിയിലേക്ക് പാഞ്ഞു. സിംഗിളുകളും ഡബിളുകളും നേടാന്‍ സ്വതവേ മടിയനായ ഗെയില്‍ നിന്ന നില്‍പ്പില്‍ തന്നെ പന്തിനെ പ്രഹരിക്കുകയായിരുന്നു. 63 പന്തുകളാണ് അദ്ദേഹം നേരിട്ടത്. ഇതില്‍ പതിനൊന്ന് തവണ പന്ത് ഗ്യാലറിയിലെത്തിയപ്പോള്‍ നേടിയ ബൗണ്ടറി ഒന്നേ ഒന്ന് മാത്രം. 165.07 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ക്കോറിംഗ് ശരാശരി. മലയാളിയായ കരണ്‍ നായര്‍ 31 റണ്‍സുമായി ഗെയിലിന് കൂട്ടുനിന്നു.

വലിയ റണ്‍ പിന്തുടരാനെത്തിയ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. ഫോമിലുള്ള ശിഖര്‍ ധവാനാവട്ടെ പരുക്കുമായി മടങ്ങുകയും ചെയ്തു. യൂസഫ് മൂന്ന് ബൗണ്ടറികളുമായി പ്രതീക്ഷ നല്‍കിയെങ്കിലും കൂറ്റനടിക്കുള്ള ശ്രമത്തില്‍ പുറത്തായി. അശ്വിനും യുവരാജും സുവര്‍ണാവസരങ്ങള്‍ നഷ്ടമാക്കിയത് ഉപയോഗപ്പെടുത്താന്‍ ഹൈദരാബാദിനായില്ല.
നായകന്‍ വില്ല്യംസണ്‍ പുറത്തായതോടെ ചെറുത്തുനില്‍പ്പും അവസാനിച്ചു. പിന്നെയെല്ലാം പഞ്ചാബിന് അനുകൂലമായി. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ചെന്നൈയും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും.

chandrika: