X
    Categories: Video Stories

യുവതിയെ ലൈംഗികാവയവം കാണിച്ചെന്ന ആരോപണം; ഓസ്‌ട്രേലിയന്‍ മാധ്യമത്തിനെതിരായ മാനനഷ്ട കേസില്‍ ക്രിസ് ഗെയിലിന് വിജയം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച ലൈംഗിക ആരോപണത്തിനെതിരായ മാനനഷ്ട കേസില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനു വിജയം. 2015 ലോകകപ്പിനിടെ ഡ്രസ്സിങ് റൂമില്‍ വെച്ച് മസ്സാജ് തെറാപ്പിസ്റ്റ് ആയ ലിയാനി റസല്‍ എന്ന യുവതിയെ ഗെയ്ല്‍ സ്വകാര്യ ശരീരഭാഗം കാണിച്ചുവെന്ന വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് 38-കാരന്‍ സിഡ്‌നി മോണിങ് ഹെറാള്‍ഡ് ഉടമകളായ ഫയര്‍ഫാക്‌സ് മീഡിയക്കെതിരെ കേസ് നല്‍കിയത്. ആരോപണം സ്ഥാപിക്കാനുതകുന്ന തെളിവുകള്‍ പത്രത്തിന്റെ കൈവശം ഇല്ലെന്നും വാര്‍ത്ത പൊതുതാല്‍പര്യം ഉണര്‍ത്തുന്നതല്ലെന്നും ന്യൂ സൗത്ത് വെയില്‍സ് സുപ്രീം കോടതിയിലെ നാലംഗ ജൂറി കണ്ടെത്തി.

വിവാദത്തില്‍ നേരത്തെ ജൂറിക്കു മുമ്പാകെ ഹാജരായ ലിയാനി റസല്‍, ഡ്രസ്സയ്ന്‍ ഓവലിലെ ട്രെയിനിങ് സെഷനിടെ ഗെയില്‍ തന്റെ ടവല്‍ അഴിച്ച് സ്വകാര്യ ഭാഗം കാണിച്ചെന്നും ‘ഇതാണോ നീ അന്വേഷിക്കുന്നത്?’ എന്ന് ചോദിച്ചെന്നും മൊഴി നല്‍കിയിരുന്നു. അപമാനിക്കപ്പെട്ട താന്‍ നിര്‍ത്താതെ ഏറെ നേരം കരഞ്ഞെന്നും ലിയാനി പറഞ്ഞു. എന്നാല്‍, അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ഗെയ്‌ലും സഹ കളിക്കാരന്‍ ഡ്വെയ്ന്‍ സ്മിത്തും ജൂറി മുമ്പാകെ അവകാശപ്പെട്ടു.

ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മെല്‍ മക്ലോഫിനോട് ഗെയില്‍ അശ്ലീലച്ചുവയില്‍ സംസാരിച്ചത് വിവാദമായതിനെ തുടര്‍ന്ന് ലിയാനി റസ്സല്‍, ദി ഏജ് പത്രത്തിന്റെ സ്‌പോര്‍ട്‌സ് എഡിറ്ററെ ബന്ധപ്പെട്ട് തന്റെ അനുഭവം വിവരിച്ചിരുന്നു. ഡ്വെയ്ന്‍ സ്മിത്ത് ലൈംഗിക ചുവയുള്ള സന്ദേശം തനിക്ക് അയച്ചെന്നും ലിയാനി ആരോപിച്ചിരുന്നു.

ഗെയ്‌ലിനെതിരായ പ്രതികാര ബുദ്ധിയോടുള്ള നീക്കമാണ് ആരോപണത്തിനു പിന്നിലുള്ളതെന്ന് വിന്‍ഡീസ് താരത്തിനു വേണ്ടി ഹാജരായ ബാരിസ്റ്റര്‍ ബ്രൂസ് മക്ലിന്‍ടോക്ക് വാദിച്ചു. കായിക മേഖലയിലെ വനിതകള്‍ക്കു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് ലിയാനിയും പറഞ്ഞു.

അതേസമയം, ജൂറി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഫയര്‍ഫാക്‌സ് മീഡിയ വ്യക്തമാക്കി. ശരിയായ വിചാരണയല്ല നടന്നതെന്നും ഭാവികാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും പത്രത്തിന്റെ വക്താവ് അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: