കോഴിക്കോട്: കാസര്‍കോഡ് പഴയ ചൂരിയില്‍ ഉറങ്ങികിടന്ന മദ്രസ്സ അധ്യാപകന്‍ കുടക് റിയാസ് മുസ്‌ലിയാരെ വെട്ടിക്കൊന്ന കേസ്സ് പ്രത്യേക ഉന്നതതല പൊലീസ് സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സാമൂഹ്യ ദ്രോഹികളെയും കൊലയാളികളെയും നിയമത്തിന് മുമ്പിലെത്തിക്കാന്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ഇതിനു സമാനമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസ്സ് കൈകാര്യം ചെയ്തപ്പോള്‍ സംഘ്പരിവാരിന്റെ താല്‍പര്യം അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാറും പൊലീസും പ്രവര്‍ത്തിച്ചത്. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ അറും കൊലക്ക് ഇരയായ ഫൈസലിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാന്‍ പോലും ഭരണകൂടം തയ്യാറായിട്ടില്ല. സംഘ് ബന്ധമുള്ള പ്രതികള്‍ക്ക് ദിവസങ്ങള്‍ക്കകം ജാമ്യം ലഭിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ നല്‍കുന്ന ആപല്‍ സൂചനകളുടെ തിക്തഫലമാണ് ചൂരിയിലും സംഭവിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരിച്ച മദ്രസ്സാ അധ്യാപകന്റെ മൃതദേഹം കണ്ണൂര്‍ പരിയാരം ആസ്പത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം പത്തു വര്‍ഷം ജോലി ചെയ്ത ചൂരിയില്‍ പൊതു ദര്‍ശനത്തിനും നമസ്‌കരിക്കാനും അനുമതി നല്‍കണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ശിക്ഷ്യന്മാരുടെയും ആവശ്യം നിരാകരിച്ച പൊലീസ് നടപടി അപലപനീയമാണ്. കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിക്കരികിലൂടെ വിലാപയാത്രക്ക് അനുമതിയും ഒത്താശയും ചെയ്ത പിണറായിയുടെ പൊലീസ് ചൂരിയിലെ ജനങ്ങള്‍ക്ക് അവസാന നോക്കിനുള്ള അവസരം പോലും നിഷേധിച്ചത് ആരെ തൃപ്തിപ്പെടുത്താനാണ്. പൈശാചികമായി കൊലക്കത്തിക്ക് ഇരയായ മത പണ്ഡിതന് സ്വാഭാവിക നീതി പോലും നിഷേധിച്ചവര്‍ കൊലയാളികളുടെ ഇംഗിതമാണ് നടപ്പാക്കുന്നത്. കേരളത്തെ കൊലക്കളമാക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ജാഗ്രത പുലര്‍ത്തണം. കൊലപാതകത്തിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെ മുതലെടുപ്പ് തടയാനും കുറ്റവാളികളെ നിയമത്തിന് മുമ്പിലെത്തിക്കാനും പൊലീസ് നടപടികള്‍ സ്വീകരിക്കണം. പൊലീസ് അനാസ്ഥ തുടര്‍ന്നാല്‍ മുസ്‌ലിംലീഗ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.
നടുക്കം വിട്ടുമാറാതെ അസീസ് വഹബി
കാസര്‍കോട്: സഹപ്രവര്‍ത്തകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറാതെ നില്‍ക്കുകയാണ് പഴയ ചൂരി മുഹ്‌യദ്ദീന്‍ പള്ളി മസ്ജിദിലെ ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുല്‍ അസീസ് വഹബി. തിങ്കളാഴ്ച അര്‍ധരാത്രി ഉറക്കത്തിനിടെ നിലവിളി കേട്ടുണര്‍ന്ന അദ്ദേഹം വാതില്‍ തുറന്ന് പുറത്ത് നോക്കാന്‍ ശ്രമിച്ചെങ്കിലും വാതിലിലേക്ക് തുരുതുരാ കല്ലുകള്‍ വീണു. പുറത്ത് എന്തോ അക്രമം നടക്കുന്നു എന്നല്ലാതെ തൊട്ടടുത്ത മുറിയില്‍ സഹപ്രവര്‍ത്തകനായ റിയാസ് മൗലവി കഴുത്തറുക്കപ്പെട്ട് പിടയുന്നത് അദ്ദേഹം അറിഞ്ഞിരുന്നില്ല. പള്ളിക്ക് നേരെ അക്രമം നടത്താന്‍ ആരോ വരുന്നുവെന്നാണ് സംശയിച്ചത്. ഉറക്കത്തില്‍ നിന്ന് പെട്ടന്ന് എണീറ്റതിനാല്‍ ഒന്നും വ്യക്തമല്ലായിരുന്നു. പള്ളി അക്രമിക്കപ്പെടുന്നതിന് മുമ്പ് വിവരം നാട്ടുകാരെ അറിയിക്കാനായി അസീസ് വഹബി പുറത്തേക്കിറങ്ങാതെ പള്ളിക്കകത്തേക്കുള്ള വാതിലിലൂടെ കയറി ബാങ്ക് വിളിക്കുകയും പുറത്തെ അക്രമം നടക്കുന്നുണ്ടെന്ന് വിളിച്ചുഅറിയിക്കുകയും ചെയ്തു. പാതിരാ നേരത്ത് പള്ളിയില്‍ നിന്നുള്ള അറിയിപ്പ് കേട്ട് പരിസരവാസികള്‍ ഓടിക്കൂടയപ്പോഴേക്കും കൊലയാളികള്‍ രക്ഷപ്പെട്ടിരുന്നു. താന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു യുവാവ് പള്ളിക്ക് മുമ്പില്‍ നില്‍ക്കുന്നതായി കണ്ടതായി അസീസ് വഹബി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കറുത്ത കുപ്പായം ധരിച്ചയാള്‍ പിന്നീട് ഓടി രക്ഷപ്പെട്ടു.
ഖത്തീബിന്റെ അറിയിപ്പ് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ റിയാസ് മൗലവിയെ മുറിയില്‍ രക്തത്തില്‍ കുളിച്ച്, കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടത്. ലുങ്കി മാത്രമായിരുന്നു വേഷം. മുറിയില്‍ വലിയ പിടിവലികള്‍ നടന്നതിന്റെ ലക്ഷണമില്ല. പള്ളിക്കകത്ത് വിരിക്കുന്ന കാര്‍പെറ്റാണ് റിയാസ് മൗലവി താമസിച്ച മുറിയിലും വിരിച്ചിരുന്നത്. കാര്‍പെറ്റില്‍ രക്തം തളം കെട്ടി നില്‍ക്കുകയാണ്. റിയാസ് മൗലവിയുടെ മുറിയുടെയും അസീസ് വഹബി താമസിക്കുന്ന മുറിയുടെയും വാതിലുകള്‍ അടുത്തടുത്തായാണ് ഉള്ളത്. പള്ളിയുടെ ഇടതുവശത്ത് ഹൗളിന് തൊട്ട് പിറകിലാണ് ഈ രണ്ട് മുറികളും. കൊലനടന്ന മുഹ്യുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്ന മുറിക്കകത്തെ തളംകെട്ടിയ ചോരയില്‍ നിന്നും മുറിക്ക് തൊട്ടുമുന്നിലുള്ള ഹൗളിന് സമീപത്തെ കല്ലില്‍ നിന്നും മണംപിടിച്ച പൊലീസ് നായ ട്രാക്കര്‍ പള്ളിപരിസരത്തൂടെ മതിലിന് സമീപത്തെ റോഡിലൂടെയും ഏറെനേരം ഓടിയ നായ വീണ്ടും പള്ളിപരിസരത്ത് വന്ന് നിന്നു. ഹൗളിന് സമീപത്ത് കണ്ട കല്ല് ഖത്തീബിന്റെ വാതിലിന് നേരെ എറിഞ്ഞതാണെന്നാണ് നിഗമനം. ഹൗളിന്റെ മുന്‍ഭാഗത്ത് ടൈലില്‍ രക്തത്തിന്റെ അടയാളമുണ്ട്. വിരല്‍ പതിഞ്ഞതാണെന്നാണ് സംശയം. കൊല നടന്ന മുറിക്കകത്ത് നിന്നും മുറിയുടെ പുറത്തെ ടൈലില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട റിയാസിന്റെ ശരീരത്തില്‍ 28 വെട്ടുകള്‍ ഉള്ളതായി പോസ്റ്റ് പോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചത്തുള്ള രണ്ട് വെട്ടും തലയില്‍ ഇടതുഭാഗത്തുള്ള വെട്ടും ആഴത്തിലുള്ളതാണ്. ഒരേ രീതിയിലുള്ള ആയുധമാണ് ഉപയോഗിച്ചിട്ടുള്ളത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയ മയ്യിത്ത് രണ്ട് മണിയോടെ വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആദൂര്‍ സി.ഐ. സിബിതോമസ് പരിയാരത്ത് എത്തിയാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഉച്ചയോടെ മയ്യിത്ത് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി.
നാടെങ്ങും വ്യാപക പ്രതിഷേധം
കോഴിക്കോട്: മദ്രസ അധ്യാപകന്‍ റിയാസ് മുസ്‌ലിയാരുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. കൊലയാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്്ലിയാര്‍, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്്ലിയാര്‍, ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സെക്രട്ടറി കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കൊലപാതകം അത്യന്തം നികൃഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സുന്നിയുവജന സംഘം ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി, ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി, വര്‍കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബകര്‍, സെക്രട്ടറി കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഘാതകരെ പിടികൂടണമെന്നും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തി സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ്് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ
നിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാസര്‍കോട് ഉണ്ടായത് ദാരുണമായ സംഭവമാണെന്നും ഇത്തരം നീചകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.