ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണം: ടി.സിദ്ദിഖ്

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.  ബോംബാക്രമണത്തിൽ തകർന്നുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ടെക്കികളുള്ള രാജ്യമായി ജപ്പാൻ മാറി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. അവർ ദുരന്തത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്നു. അതുപോലെ ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ആളുകൾക്കും സാധിക്കണം.

ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ആർക്കും മതമില്ലായിരുന്നു. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണ് മരിച്ചവരെ യാത്രയാക്കിയത്. എല്ലാത്തിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ വന്നിട്ടുണ്ട്. അതു പൂർണമായും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ എല്ലാം മറന്ന് മാധ്യമങ്ങൾ രംഗത്തെത്തി.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാവരും ചിരിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അതിജീവനമല്ല, പുതുജീവനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പറ്റാത്തത് വലിയ വേദനയാണെന്നും ഹൃദയം കൊണ്ട് ശക്തരാകണമെന്നും പ്രചോദന പ്രഭാഷണം നടത്തിയ ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പറഞ്ഞു.

webdesk14:
whatsapp
line