ചെന്നൈ: രാഷ്ട്രീയ നിരീക്ഷകനും, തമിഴ് ആക്ഷേപഹാസ്യ സാഹിത്യകാരനും നടനും തുഗ്ലക്ക് മാസികയുടെ സ്ഥാപക എഡിറ്ററുമായ ചോ രാമസ്വാമി അന്തരിച്ചു. 82 വയസ്സായിരുന്നു. പുലര്‍ച്ചെ 4.40ന് ചെന്നൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സിനിമാ നടന്‍, നാടക നടന്‍, സംവിധായകന്‍, രചയിതാവ്, സംഘാടകന്‍, പത്രാധിപര്‍, പ്രാസംഗികന്‍, നിയമോപദേഷ്ടാവ് തുടങ്ങിയ ഒട്ടേറെ നിലകളില്‍ അറിയപ്പെട്ട ചോ രണ്ടു പതിറ്റാണ്ടുകാലം തമിഴ്‌സിനിമയുടെ ഭാഗമായിരുന്നു. ഭയരഹിതമായി രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച വ്യക്തിയായിരുന്നു ചോ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ കുറിപ്പ് തമിഴകത്ത് എന്നും ചര്‍ച്ചാവിഷയമായിരുന്നു. ബിജെപി മുന്‍ രാജ്യസഭാംഗമായിരുന്ന ചോ എന്‍ഡിഎ ഭരണത്തില്‍ വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നതായാണ് വിവരം.
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന രാമസ്വാമിയുടെ പേനക്കിരയായത് അധികവും ഡിഎംകെ നേതൃത്വമായിരുന്നു.
ജയലളിതയുടെ രാഷ്ട്രീയ അരങ്ങേറ്റ സമയത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് രാമസ്വാമിയായിരുന്നു. ജയലളിത വിട പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ചോയും ഇഹലോകവാസം വെടിഞ്ഞത്.
1934 ഒക്ടോബര്‍ അഞ്ചിന് മദ്രാസിലെ മൈലാപൂരിലാണ് ചോ രാമസ്വാമിയുടെ ജനനം. നൂറോളം സിനിമകളില്‍ അഭിനയിച്ച ചോ പിന്നീട് സ്വയം സിനിമാരംഗത്തോട് വിടപറഞ്ഞു. 23 നാടകങ്ങള്‍ രചിച്ച അദ്ദേഹം നാലായിരത്തിലധികം വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട