X

ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു

ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി കര്‍ഷക സമരപന്തലിലേക്കു ഇടിച്ചുകയറുകയായിരുന്നു. ചിറ്റൂരിലെ യെര്‍പെഡു എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം.

നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ലോറി സ്‌റ്റേഷന്‍ വളപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ 15 ഓളം പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ആറു പേര്‍ ലോറിയുടെ ടയറിനടിയില്‍പ്പെട്ടും മറ്റുള്ളവര്‍ പോസ്റ്റു തകര്‍ന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചതെന്നാണ് നിഗമനം.

മണല്‍ മാഫിയക്കെതിരെ പൊലീസ് സ്റ്റേഷനു മുന്നില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. അനധികൃതമായി ഗ്രാമത്തില്‍നിന്ന് മണല്‍ കയറ്റിയയക്കുന്നതിനെതിരെ ഗ്രാമീണരാണ് സമരം നടത്തിയത്.
മുനഗലപാലം ഗ്രാമവാസികളാണ് മരിച്ചവരില്‍ അധികവും. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന സിഐക്കും എസ്‌ഐക്കും അപകടത്തില്‍ പരുക്കേറ്റു.

chandrika: