കണ്ണൂര്‍: സി.പി.എമ്മിനെതിരെ ഒറ്റയാള്‍ സമരം നടത്തുന്ന ദളിത് വനിതയും ഓട്ടോഡ്രൈവറുമായ ചിത്രലേഖക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ച് അവര്‍ക്കു തന്നെ വിനയായി. ചിത്രലേഖയെ ചന്ദ്രലേഖയാക്കിയുള്ള ബാനറാണ് പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയത്. കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ സമരത്തിലാണ് ചിത്രലേഖ ചന്ദ്രലേഖയായത്.
ചന്ദ്രലേഖക്ക് അനുവദിച്ച ഭൂമി റദ്ദ് ചെയ്ത് സി.പി.എം ധാര്‍ഷ്ട്യത്തിനെതിരെ ധര്‍ണ എന്നായിരുന്നു ബാനറിലെ മുദ്രാവാക്യം. എന്നാല്‍ അമളി തിരിച്ചറിഞ്ഞതോടെ ഇത് വെള്ളക്കടലാസ് കൊണ്ട് മറച്ച് ചിത്രലേഖയാക്കുകയായിരുന്നു.
യു.ഡി.എഫ് സര്‍ക്കാറാണ് വീട് വെക്കുന്നതിനായി കാട്ടാമ്പള്ളിയില്‍ അഞ്ചു സെന്റ് ഭൂമി അനുവദിച്ചത്.
മുസ്‌ലിം ലീഗിന്റെയും പ്രവാസി കൂട്ടായ്മകളുടെയും സഹായത്തോടെ വീടുപണി പൂര്‍ത്തിയാവുമ്പോഴാണ് ഭൂമി തിരിച്ചുപിടിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.