X
    Categories: keralaNews

എനിക്ക് ജീവിക്കണം; സിപിഎം ഫാസിസത്തിനെതിരെ വീണ്ടും സമരവുമായി ചിത്രലേഖ

കണ്ണൂര്‍: തനിക്ക് തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിച്ച് നിരന്തരം പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സിപിഎമ്മിനെതിരെ ദളിത് വനിതയായ ചിത്രലേഖ വീണ്ടും സമരരംഗത്ത്. നിരന്തരമായി സിപിഎമ്മിന്റെ ആക്രമണത്തിന് ഇരയായ ഇവര്‍ക്ക് വീട് വെക്കാനായി യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ഈ ഉത്തരവ് റദ്ദാക്കി. ഇപ്പോള്‍ ഇവര്‍ക്ക് അനുവദിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഇതിനെതിരെയാണ് ചിത്രലേഖ വീണ്ടും സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.

ചിത്രലേഖയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി സിപിഎം നിരന്തരം ദ്രോഹിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വീടുവെക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലവും അഞ്ച് ലക്ഷം രൂപയും അനുവദിച്ചത്. എന്നാല്‍ ഇവര്‍ക്ക് വേറെ സ്ഥലമുണ്ടെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ഇത് തന്റെ മുത്തശ്ശിയുടെ പേരിലുള്ള സ്ഥലമാണെന്നാണ് ചിത്രലേഖ പറയുന്നത്. ഓട്ടോറിക്ഷ വാങ്ങാന്‍ ലോണ്‍ കിട്ടാനാണ് ഈ സ്ഥലം തന്റെ പേരിലേക്ക് മാറ്റിയത്. ഇതെല്ലാം പരിശോധിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തോടെ പിണറായി സര്‍ക്കാര്‍ ഇത് റദ്ദാക്കിയെന്ന് ചിത്രലേഖ ആരോപിക്കുന്നു.

 

തൊഴില്‍ സ്വാതന്ത്ര്യത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്ത്രീയാണ് ചിത്രലേഖ. സിപിഎം നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിട്ടും ഇവര്‍ പോരാട്ടം തുടരുകയായിരുന്നു. ദളിത് സ്ത്രീയെന്ന നിലയില്‍ തന്നോട് വിവേചനം കാണിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. ഇവരുടെ ഓട്ടോ സിപിഎം ഗുണ്ടകള്‍ കത്തിച്ചിരുന്നു. നിരവധി തവണ ഇവരെ ആക്രമിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് തങ്ങളെ വിമര്‍ശിച്ച ഒരാള്‍ ഒരു നിലക്കും ജീവിക്കേണ്ട എന്ന നിലപാടിലാണ് സിപിഎം. ചിത്രലേഖക്കെതിരായ നിരന്തരമായ അതിക്രമങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: