X

ജാതിവിവേചനം, സിപിഎം ക്രൂരത; ചിത്രലേഖ ഇസ്‌ലാമിലേക്ക്

പയ്യന്നൂര്‍: ജാതി വിവേചനം അസഹനീയമായി തുടരുന്നതിനാല്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് സിപിഎം ബഹിഷ്‌കരണം നേരിട്ട ദലിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖ. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായി. അതിനാല്‍ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്‌ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലാണെന്ന് ചിത്രലേഖ അറിയിച്ചു. ഫെയ്‌സ്ബുക്കിലാണ് അവര്‍ തുറന്നു പറച്ചില്‍ നടത്തിയത്.

ഇരുപത് വര്‍ഷത്തോളമായി സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റക്ക് പോരാടി. ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ആലോചനയെന്ന് അവര്‍ പറയുന്നു.

ജാതിവിവേചനം സംബന്ധിച്ച് പരാതി നല്‍കിയതിന്റെ പേരില്‍ വര്‍ഷങ്ങളായി സിപിഎമ്മിന്റെ ക്രൂരത നേരിടുകയാണ് ചിത്രലേഖ. പയ്യന്നൂര്‍ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖയുടെ വിഷയം ചര്‍ച്ചയാവുന്നത്.

ഓട്ടോ കത്തിച്ചതുള്‍പ്പെടെയുള്ള വിവാദങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഇതേതുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് എടാട്ടുനിന്ന് കണ്ണൂരിലെ തന്നെ കാട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് മാറി. വീടിന് സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് ഇവര്‍ക്ക് വീടുവെക്കാന്‍ അഞ്ചു സെന്റ് ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചു. വീടുപണി പാതിവഴിയില്‍ നില്‍ക്കെ, ചിത്രലേഖക്ക് അനുവദിച്ച സഹായം പിണറായി സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

ചിത്രലേഖയുടെ ഫെയ്‌സ്ബുക് കുറിപ്പ്:
പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി.പി.എം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമിക്കുകയും ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സി.പി.എം പാര്‍ട്ടിയുടെ ആക്രമണങ്ങള്‍ തുടരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു. ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്?ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്.

ഇരുപതു വര്‍ഷക്കാലത്തോളം സി.പി.എമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞ് ആരും ഈവഴിക്കു വരേണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സി.പി.എമ്മിന് മുന്നില്‍ ഇനിയും സ്വൈര്യമായി, ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സി.പി.എമ്മിനെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം, സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രഹം.

 

web desk 1: