ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ലോക അത്‌ലറ്റിക് ഫെഡറേഷന് കത്തയക്കും.
സമയപരിധി കഴിഞ്ഞതിനാല്‍ അനുകൂല നടപടി ഉറപ്പില്ലെന്നും, അത്‌ലറ്റിക് ഫെഡറേഷന്‍ ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും ഫെഡറേഷന്‍ സെക്രട്ടറി സി.കെ വത്സന്‍ പറഞ്ഞു. ചിത്രക്ക് ഭാഗ്യമുണ്ടെങ്കില്‍ ലണ്ടനില്‍ മത്സരിക്കാനാകും. താരത്തിനെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ചിത്ര നല്‍കിയ ഹര്‍ജിലിയാരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട സമയം കഴിഞ്ഞെന്നും ഇനി ചിത്രയെ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് ഫെഡറേഷന്റെ നിലപാട്. ഫെഡറേഷന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്നും അവസാന നിമിഷമാണ് ചിത്ര നല്‍കിയ ഹര്‍ജിയുടെ കോപ്പി ലഭിച്ചതെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ആതില്‍ സുമരിവാല പറഞ്ഞിരുന്നു.
ഹര്‍ജിയിലെ വിഷയങ്ങള്‍ വിശദമായി പഠിക്കാന്‍ ഫെഡറേഷന്റെ അഭിഭാഷകന് കഴിഞ്ഞിട്ടില്ലെന്നും, അഭിഭാഷകന്‍ കോടതിയിലുണ്ടായെങ്കിലും നിലപാട് അറിയിച്ചില്ലെന്നും സുമരിവാല ചൂണ്ടിക്കാട്ടി. ചിത്ര ഉന്നയിച്ച കാര്യങ്ങളില്‍ അവ്യക്തത ഉണ്ട്. തിങ്കളാഴ്ച്ച നടക്കുന്ന വിശദമായ വാദത്തില്‍ ഫെഡറേഷന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കുമെന്നും സുമരിവാല പറഞ്ഞിരുന്നു.
അതേസമയം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ പ്രതികരിച്ചു.
നേരത്തെ പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ഫെഡറേഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരിയറിലെ മികച്ച പ്രകടനത്തോടെയാണ് പിയു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്.