X

ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നല്‍കിയ ഹര്‍ജി അടിയന്തരമായി സുപ്രീംകോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസം മുഴുവന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം ഫലംകണ്ടില്ല.

രാവിലെയും ഉച്ചക്കും ജസ്റ്റിസ് എന്‍വി രമണക്കു മുന്നില്‍ സിബല്‍ ഹര്‍ജി മെന്‍ഷന്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. അടിയന്തരമായി പരിഗണിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് രമണയുടെ നിലപാട്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഭരണഘടനാ ബെഞ്ച് അയോധ്യാ കേസിന്റെ വാദം കേള്‍ക്കലില്‍ ആയിരുന്നതിനാല്‍ സിബലിന് മെന്‍ഷനിങ് നടത്താനായില്ല.

ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ രാവിലെ, കേസ് മെന്‍ഷന്‍ ചെയ്ത ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് രമണ നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അയോധ്യാ കേസ് പരിഗമിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ ആയതിനാല്‍ സിബലിന് ഹര്‍ജി മെന്‍ഷന്‍ ചെയ്യാനായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചക്ക് സിബല്‍ വീണ്ടും ജസ്റ്റിസ് രമണയെ സമീപിക്കുകയായിരുന്നു.

ഈ കോടതിയെത്തന്നെ സമീപിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന്, ജസ്റ്റിസ് രമണയുടെ ബെഞ്ചിലെത്തി സിബല്‍ അറിയിച്ചു. കേസുമായി സഹകരിക്കുന്ന ചിദംബത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണെന്നും അറസ്റ്റ് തടയണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

ചിദംബരത്തിന്റെ ഹര്‍ജിയില്‍ രജിസ്ട്രി പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് രമണ അറിയിച്ചു. തുടര്‍ന്നു രജിസ്ട്രാറെ കോടതിയിലേക്കു വിളിപ്പിച്ചു. പിഴവുകള്‍ തിരുത്തിയതായി രജിസ്ട്രാര്‍ അറിയിച്ചെങ്കിലും കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു.

chandrika: