ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ശേഷമുള്ള രാജ്യത്തിന്റെ സര്‍വതോന്മുഖ വികസനത്തിലും ജനക്ഷേമത്തിലും ഒന്നാമത്തെ പങ്കുവഹിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന ഏതു തിരിച്ചടിയും ബാധിക്കുന്നത് ആ പാര്‍ട്ടിയെ മാത്രമല്ല, മറിച്ച് ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനത്തെയാകമാനമാണ് എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇന്ത്യയുടെ സകല രംഗങ്ങളില്‍നിന്നും സാമൂഹിക സംഘര്‍ഷത്തിന്റെയും വര്‍ഗീയതയുടെയും തൊഴിലില്ലായ്മയുടെയും വികസന മുരടിപ്പിന്റെയും വാര്‍ത്തകളാണ് തുടരെത്തുടരെയായി വന്നുകൊണ്ടിരിക്കുന്നത്. പണപ്പെരുപ്പവും തന്മൂലമുള്ള വിലക്കയറ്റവും നികുതി ഭാരങ്ങളും രൂപയുടെ വിലയിടിവും ജനത്തെ എന്തെന്നില്ലാത്ത കുരുക്കിലകപ്പെടുത്തിയിരിക്കുന്നു. ഇതിനെ നേരിടേണ്ട വഴികളാണ് ഓരോ പൗരനുമിപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പരിഹാരം രാജ്യത്തെമ്പാടുമുള്ള മതേതര കക്ഷിയായ കോണ്‍ഗ്രസിന്റെയും അതിനെ പിന്തുണക്കുന്ന മതേതര ജനാധിപത്യ ശക്തികളുടെയും ശക്തിപ്പെടലാണെന്നതില്‍ സംശയമില്ല. തദടിസ്ഥാനത്തിലാണ് കഴിഞ്ഞ മേയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ‘ചിന്തന്‍ശിബിരം’ സംഘടിപ്പിച്ചത്.
സംഘടനയെ എങ്ങനെ ശക്തിപ്പെടുത്താമെന്നതായിരുന്നു അതിന്റെ മുഖ്യ അജണ്ട. അതനുസരിച്ച് താഴേത്തലം മുതലുള്ള ഭാരവാഹികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ജനങ്ങളുടെ ചിന്തകള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുമാണ് ഉദയ്പൂര്‍ ശിബിരം തീരുമാനിച്ചത്. സമാനമായ ശിബിരങ്ങള്‍ സംസ്ഥാനതലങ്ങളില്‍ സംഘടിപ്പിക്കാനും തീരുമാനിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് 23, 24 തീയതികളില്‍ കേരളത്തിലെ സംസ്ഥാനതല നേതാക്കളുടെ കൂട്ടായ്മ കോഴിക്കോട്ട് സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസും പാലക്കാട്ട് സമാനമായ യോഗം സംഘടിപ്പിച്ചിരുന്നു. ‘നവസങ്കല്‍പം’ അഥവാ പുതുപ്രതിജ്ഞ എന്ന ഉദയ്പൂര്‍ പ്രമേയത്തിന്റെ അര്‍ഥവും ആവേശവും ഉള്‍ക്കൊണ്ടുകൊണ്ടുളള കൂലങ്കഷവും വ്യതിരിക്തവുമായ ചര്‍ച്ചകളാണ് കോഴിക്കോട്ടും ഉയര്‍ന്നത്. അതില്‍ പ്രധാനം സംഘടനയെയും ഘടകങ്ങളെയും പുതിയ കാലത്തിനനുസരിച്ച് കെട്ടിപ്പടുക്കുക എന്നതാണ്. 2024ലെ ലോക്‌സഭാതിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനായി ‘മിഷന്‍-24’ എന്ന പേരില്‍ പ്രത്യേകപ്രവര്‍ത്തനരീതി ആവിഷ്‌കരിക്കാനും പാര്‍ട്ടിക്കകത്തെ കാര്യങ്ങളുടെ മേല്‍നോട്ടത്തിന് നിരീക്ഷക സമിതികള്‍ സംഘടിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ശിബിരത്തോടനുബന്ധമായി സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരെകൂടി പങ്കെടുപ്പിച്ചത് ശ്രദ്ധേയമായി. അതിലുയര്‍ന്ന പ്രധാന ആശയങ്ങളിലൊന്ന് നിലവിലെ ഇടതുപക്ഷമെന്നു പറയപ്പെടുന്ന മുന്നണിയേക്കാള്‍ ഇടതുപക്ഷ-പുരോന്മുഖമായ ആശയങ്ങളാണ് കോണ്‍ഗ്രസ് കൊണ്ടുനടക്കുന്നതെന്നതാണ്. ഇന്നത്തെ സി.പി.എം നേതൃത്വസര്‍ക്കാരിന്റെ ചെയ്തികളോരോന്നും വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ആ പാര്‍ട്ടി പുള്ളിയില്ലാത്ത പുള്ളിപ്പുലി പോലെ ഇടതുപക്ഷ രഹിതമായിരിക്കുന്നുവെന്ന് നിസംശയംപറയാനാകും. പാവപ്പെട്ടവരുടെ കിടപ്പാടം പിടിച്ചെടുക്കുക, വിലക്കയറ്റം, നികുതിഭാരം എന്നിവകൊണ്ട് ജനങ്ങളെ പ്രയാസപ്പെടുത്തുക, കുത്തകാനുകൂല നയങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ തീവ്രവലതുപക്ഷമായ ബി.ജെ.പിക്കൊപ്പമാണ് സി.പി.എം. 374 കോടി രൂപയുടെ മുഖ്യമന്ത്രിക്കെതിരായ ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ വിചാരണക്കുള്ള അനുമതി അടുത്തമാസം സുപ്രീംകോടതി പരിഗണിക്കാനിരിക്കയാണ്. സ്വര്‍ണക്കടത്തുകേസും ബെംഗളൂരുവിലേക്ക് മാറ്റാനിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷ മുന്നണിയുടെ നിലവിലെ പല ഘടകക്ഷികളും സി.പി.എമ്മിന്റെ തെറ്റായ പോക്കില്‍ നിരാശരും ക്ഷുഭിതരുമാണെന്ന് കാണാന്‍ പ്രയാസമില്ല. തല്‍കാലത്തേക്ക് അവരത് തുറന്നുപറയുന്നില്ലെന്ന് മാത്രം. സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം), എല്‍.ജെ.ഡി എന്നീ കക്ഷികള്‍ കടുത്ത നിരാശയിലാണ്. സി.പി.എമ്മിനകത്തുമുണ്ട് ഹതാശര്‍. അവര്‍ ഇന്നത്തെ രീതിയില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ലെന്ന് രഹസ്യമായി പറയുന്നുണ്ട്. ‘മുണ്ടുടുത്ത മോദി’യാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പറയുന്നത് ഭരണകക്ഷിക്കാര്‍ തന്നെയാണ്. സംഘടന ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഇടതുമുന്നണിയില്‍നിന്ന് ഇത്തരം പാര്‍ട്ടികളെ സ്വീകരിക്കുക എന്നത് ശരിയായ തീരുമാനമാണ്. അതിന് യു.ഡി.എഫിലെ നിലവിലെ കക്ഷികളെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ 2019ലെ ലോക്‌സഭാതിരഞ്ഞെടുപ്പു ഫലം തന്നെയാകും (20ല്‍ 19 സീറ്റ്) കേരളത്തില്‍ 2024ലേതുമെന്ന് പ്രത്യാശിക്കുന്നതില്‍ തെറ്റില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഗംഭീര വിജയവും യു.ഡി.എഫിനെയും പൊറുതിമുട്ടുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. ദേശീയതലത്തിലും ഇതേ പ്രവര്‍ത്തനം കാഴ്ചവെക്കാനായാല്‍ ഫാസിസ്റ്റ്-വര്‍ഗീയ ഭരണത്തെ തൂത്തെറിയാന്‍ നിഷ്പ്രയാസം കഴിയും. അതേസമയം കോണ്‍ഗ്രസിലെ എക്കാലത്തെയും ശാപമായ പ്രൊഫഷണല്‍ രീതിയിലുള്ള സംഘടനാതിരഞ്ഞെടുപ്പുരീതിയുടെ അഭാവവും പരസ്യവിഴുപ്പലക്കലും എന്നെന്നേക്കുമായി അവസാനിപ്പിക്കാനും കഴിയണം. നേതാക്കളെയും പ്രവര്‍ത്തകരെയുമെല്ലാം വിശ്വാസത്തിലെടുക്കാനും ജനാഭിലാഷത്തിനൊത്തുയരാനും പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ ലക്ഷ്യം അനതിവിദൂരമൊന്നുമല്ലെന്നതിന് എണ്‍പതിലെ ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവുതന്നെയാണ് രാഷ്ട്രീയമാതൃക.