രാഷ്ട്രീയത്തില്‍ കുടുംബാധിപത്യം ഇന്ത്യാ രാജ്യത്ത് അത്ര പുതിയ സംഭവമൊന്നുമല്ല. മിക്ക പാര്‍ട്ടികളിലും അച്ഛനും മകനും ഭരണ സിരാകേന്ദ്രങ്ങളിലെത്തിയിട്ടുമുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അച്ഛനും മകനും മന്ത്രിസഭയില്‍ ഒരേ സമയത്ത് എത്തുന്നത് അത്ര സുപരിചിതമല്ല. പറഞ്ഞു വരുന്നത് തമിഴ്‌നാട്ടിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചാണ്. ഡി.എം.കെയില്‍ കരുണാനിധിക്കൊപ്പം സ്റ്റാലിനും അഴകിരി, കനിമൊഴി എന്നിവരൊക്കെ പാര്‍ട്ടി സ്ഥാനങ്ങളിലെത്തിയിരുന്നുവെങ്കിലും അവര്‍ക്ക് ഏറെ കാലം പാര്‍ട്ടി തലങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അവസരമൊത്ത് വന്നത്.
എന്നാല്‍ കഴിവുണ്ടെങ്കില്‍ ഏറെക്കാലം കാത്തിരിക്കേണ്ടതില്ലെന്നാണ് എം.കെ സ്റ്റാലിന്റെ വാദം. അദ്ദേഹം മകനായ ഉദയനിധി സ്റ്റാലിനെ തന്റെ മന്ത്രിസഭയില്‍ സ്‌പോര്‍ട്‌സ് യുവജന ക്ഷേമ വകുപ്പുകളുടെ മന്ത്രിയാക്കിയിരിക്കുകയാണ്. അങ്ങിനെ തമിഴ്‌നാട് രാഷ്ട്രീയത്തിലും തലമുറ മാറ്റത്തിന്റെ കാഹളം ഏതാണ്ട് മുഴങ്ങിക്കഴിഞ്ഞു. ഇതിന്റെ സൂചനയാണ് കഴിഞ്ഞദിവസം ഡി. എം.കെ യുവജന വിഭാഗം തലവനും മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രി സഭയിലേക്ക് ഉയര്‍ത്തപ്പെട്ടത്. നാലാം തവണ എം.എല്‍.എയായപ്പോള്‍ മാത്രമാണ് കരുണാനിധിയുടെ മന്ത്രിസഭയില്‍ സ്റ്റാലിനെത്തിയതെങ്കില്‍ കന്നി വിജയത്തില്‍ തന്നെ മന്ത്രിയായ ഉദയനിധി പിതാവിന്റെ പിന്‍ഗാമിയാകുമെന്ന് തമിഴകത്ത് ഇതിനോടകംതന്നെ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
കരുണാനിധി മന്ത്രിസഭയിലേക്ക് സ്റ്റാലിനെത്തിയപ്പോള്‍ പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉണ്ടായിരുന്നുവെങ്കില്‍ ഉദയനിധിക്കെതിരെ അത്തരം എതിര്‍പ്പില്ലെന്നതും അനുകൂല ഘടകമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ സ്റ്റാലിന്റെ പിന്‍ഗാമിയാകും ഉദയനിധിയെന്ന വാദങ്ങളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സ്റ്റാലിനെതിരെ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങളില്ലാത്തതും തമിഴകത്ത് സ്റ്റാലിന്‍ വികസന രാഷ്ട്രീയത്തിന്റെ ഐക്കണായി മാറിയതും ഉദയനിധിക്കുകൂടി അനുകൂല ഘടകമാണ്. രാഷ്ട്രീയക്കാരനെന്നതിലുപരി ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്ര കമ്പനികളിലൊന്നിന്റെ തലവനും സിനിമാനടനും കൂടിയാണ് ഉദയനിധി സ്റ്റാലിന്‍. പാര്‍ട്ടിയുടെ താരപ്രചാരകനും സിനിമാനിര്‍മാണവും അഭിനയവുമായി വെന്നിക്കൊടി പാറിച്ച ഉദയനിധി സ്റ്റാലിന്‍ വെറും മൂന്ന് വര്‍ഷം മുന്‍പ്, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്.
പിന്നാലെ പാര്‍ട്ടിയുടെ യുവജന വിഭാഗം തലവനായി. നിയമസഭാതിരഞ്ഞെടുപ്പില്‍ ഡി. എം.കെയുടെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നായ ചെന്നൈയിലെ ചെപ്പോക്ക് തിരുവല്ലിക്കേനി നിയമസഭമണ്ഡലത്തില്‍നിന്നും ജനവിധി തേടി. കരുണാനിധിയെ സഭയിലയച്ച മണ്ഡലം ഇളയ തലമുറക്കാരനെ റെക്കോര്‍ഡ് വോട്ടുകളോടെയാണ് നിയമസഭയിലേക്ക് അയച്ചത്. 1982 മുതല്‍ 2017 വരെ സ്റ്റാലിന്‍ വഹിച്ചിരുന്ന ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറി എന്ന പദവിയാണ് പാര്‍ട്ടിയില്‍ ഉദയനിധി 2019 മുതല്‍ വഹിക്കുന്നത്. മുത്തച്ഛന്‍ കരുണാനിധിയെ പോലെ സിനിമയിലൂടെ തന്നെയായിരുന്നു ഉദയനിധിയുടേയും വരവ്. ചെന്നൈയിലെ ഡോണ്‍ ബോസ്‌കോ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും ലയോള കോളജില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷന്‍സ് ബിരുദവും നേടിയ ഉദയനിധി സിനിമ നിര്‍മാതാവായാണ് അരങ്ങേറിയത്.
റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ 2008ല്‍ കുരുവി എന്ന ചിത്രം നിര്‍മിച്ചു. പിന്നീട് ആധവന്‍, ഏഴാം അറിവ്, ഭാര്യ കൃതിക സംവിധാനം ചെയ്ത വണക്കം ചെന്നൈ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ആധവന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ അതിഥി വേഷത്തിലൂടെയാണ് സിനിമ അഭിനയ രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ ചിന്നവര്‍ എന്നറിയപ്പെടുന്ന 45 കാരന്‍ ഉദയനിധി മന്ത്രിസഭയിലെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സിനിമാ തിരക്കുകള്‍ കാരണം മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലായിരുന്നു ഉദയനിധി. കോവിഡാനന്തര കാലത്തും പ്രളയ കാലത്തും മണ്ഡലത്തില്‍ ഉദയനിധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ചെറുതല്ലാത്ത പ്രശസ്തി നേടിക്കൊടുത്തിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, തന്റെ മണ്ഡലത്തില്‍ റോബോട്ടിക് മലിനജല ശുചീകരണ തൊഴിലാളികളെ അവതരിപ്പിച്ചതും ഉദയനിധി സ്റ്റാലിന് ഏറെ കയ്യടി നേടി കൊടുത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്കും മോദിക്കും അമിത്ഷായ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായാണ് ഉദയനിധി പ്രസംഗിച്ചിരുന്നത്. പിതാവ് സ്റ്റാലിന്റേയും മുത്തച്ഛന്‍ കരുണാനിധിയുടെയും പാതയില്‍ തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കെതിരെ നിലയുറപ്പിച്ച ഉദയനിധി എയിംസ് ബ്രിക് (ഇഷ്ടിക) എന്ന പേരില്‍ നടത്തിയ പ്രചാരണം അദ്ദേഹത്തിന് വലിയ കയ്യടി നേടിക്കൊടുത്തിരുന്നു. തമിഴ്‌നാട്ടില്‍ എയിംസ് കൊണ്ടുവരുന്നതിന് അന്നത്തെ ഭരണകക്ഷിയായ അണ്ണാഡി.എം. കെയും കേന്ദ്രവും നടത്തുന്ന നിസസ്സംഗതയെ തുറന്നുകാണിക്കാനായിരുന്നു എയിംസ് ബ്രിക് പ്രചാരണം. എയിംസ് എന്നെഴുതിയ ഇഷ്ടികയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഉദയനിധിയുടെ അന്നത്തെ രാഷ്ട്രീയ പ്രചാരണ പരിപാടികള്‍.