X
    Categories: Newsworld

ചൈനീസ് ബഹിരാകാശ നിലയം പ്രവര്‍ത്തന സജ്ജമാകുന്നു

ബീജിങ്: നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വെല്ലുവിളിച്ച് ചൈനയുടെ ടിയാങ്‌ഗോങ് നിലയം പ്രവര്‍ത്തന സജ്ജമാകുന്നു. കഴിഞ്ഞ ദിവസം വിക്ഷേപിച്ച അവസാനത്തെയും മൂന്നാമത്തെയും മൊഡ്യൂള്‍ ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചു. അധികം വൈകാതെ നിലയം പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കോര്‍ യൂണിറ്റും ലാബും അടങ്ങുന്ന മെങ്ഷ്യാന്‍ മൊഡൂളാണ് ഇന്നലെ നിലയവുമായി ബന്ധിപ്പിച്ചത്.

ഭൂമിയുടെ ഭ്രമണപഥത്തില്‍ ബഹിരാകാശ യാത്രികര്‍ക്ക് സ്ഥിരതാമസമൊരുക്കുകയെന്ന ദീര്‍ഘകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്ന് ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു. ചൈനീസ് നിലയവും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ബഹിരാകാശ ഗവേഷണ മേഖലയില്‍ കിടമത്സരത്തിന് കളമൊരുങ്ങുകയാണ്. മറ്റു രാജ്യങ്ങള്‍ക്കും നിലയത്തിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുക്കുമെന്ന് ചൈന ഉറപ്പുനല്‍കുന്നുണ്ട്.

നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അമേരിക്ക ചൈനയെ പങ്കാളിയാക്കിയിരുന്നില്ല. ഇതിന് മറുപടിയായാണ് ചൈന സ്വന്തം നിലയത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. റഷ്യയും യൂറോപ്പും പങ്കാളിയായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാലാവധി 2030ല്‍ അവസാനിക്കുകയാണ്. 2031ല്‍ ഇത് പസഫിക് സമുദ്രത്തില്‍ തകര്‍ന്നുവീഴും. പുതിയ ബഹിരാകാശ നിലയത്തിനുള്ള ശ്രമങ്ങള്‍ നാസ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അതിനായി മൂന്ന് സ്വകാര്യ കമ്പനികളുമായി ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം 24 വര്‍ഷം പഴക്കമുള്ള നാസയുടെ നിലയവുമായി സഹകരിക്കുന്നത് ഉപേക്ഷിക്കുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ റഷ്യയെ ചൊടിപ്പിച്ചിരിക്കുകയാണ്. നിലയത്തില്‍നിന്ന് പിന്മാറി സ്വന്തമായി ബഹിരാകാശ നിലയം ആരംഭിക്കാനുള്ള നീക്കങ്ങളും റഷ്യ ആരംഭിച്ചിട്ടുണ്ട്.

Test User: