ഡല്‍ഹി: 2012 മുതല്‍ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറാനായി ചൈനീസ് ഹാക്കര്‍മാര്‍ പരിശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ ചൈന എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2017ല്‍ ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തില്‍ കയറിപ്പറ്റാന്‍ നടത്തിയ ആക്രമണമാണ് ഒടുവിലത്തേതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ലെ ആക്രമണമായിരുന്നു വലിയത്. അന്ന് ഐഎസ്ആര്‍ഒയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയുടെ നിയന്ത്രണം പൂര്‍ണമായും കൈക്കലാക്കാനായിരുന്നു ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചത്.
ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകര്‍ക്കാന്‍ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. എന്നാല്‍ ചൈനയെ സംബന്ധിച്ചിടത്തോളം ഇതിനുമപ്പുറമുള്ള പദ്ധതികളാണ് ഉള്ളതെന്ന് 142 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
2019ലായിരുന്നു ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചത്. എന്നാല്‍ 2007ല്‍ തന്നെ ചൈന ഈ മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ചൈന മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഗ്രൗണ്ട് സ്‌റ്റേഷനുകളുടെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറാനായി ചൈനീസ് ഹാക്കര്‍മാര്‍ പരിശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ചൈന എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ട് അമേരിക്കന്‍ എയര്‍ഫോഴ്‌സ് മേധാവി, അമേരിക്കന്‍ ബഹിരാകാശ ഓപ്പറേഷന്‍സിന്റെ മേധാവി തുടങ്ങിയവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് .