ബെയ്ജിംങ്: ഇസ്‌ലാം മതത്തോടുള്ള ചൈനയുടെ അക്രമണത്തിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ നിങ്ഷ്യ പ്രവിശ്യയിലെ, യിങ്ചവാനില്‍ ഉള്ള നങ്ഗ്വാന്‍ മുസ്‌ലിം പള്ളിയുടെ മിനാരങ്ങള്‍ ഇടിച്ചുനിരത്തി. പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും, സ്വര്‍ണവര്‍ണ്ണമാര്‍ന്ന മിനാരങ്ങളും അറബി ലിപിയിലുള്ള ചുവരെഴുത്തുകളും ഒക്കെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്.
നങ്ഗ്വാന്‍ എന്ന് പേര് മാത്രമാണ് പള്ളി കെട്ടിടത്തിന്റെ ചുവരില്‍ ബാക്കി വെച്ചിട്ടുള്ളത്. അതും, ചൈനീസ് ഭാഷയില്‍ ആണെന്നുമാത്രം. ചൈനയിലെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ അവരുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്ന ഒരു ആരാധനാലയമാണ് നിര്‍ദാക്ഷിണ്യം ഇടിച്ചു നിരത്തിയത്. ഇതാദ്യമായിട്ടല്ല ചൈനാസ് സര്‍ക്കാര്‍ ഇങ്ങനെ തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെ മതവിശ്വാസങ്ങള്‍ക്ക് പുല്ലുവില കല്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത്. ഓഗസ്റ്റ് മാസത്തില്‍ സിന്‍ജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയ്ഗര്‍ ജമാ മസ്ജിദ് സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിരുന്നു.
പള്ളി ഇടിച്ചു പൊളിക്കും മുമ്പ് അത് കയ്യേറി, മിനാരത്തില്‍ പാര്‍ട്ടിക്കൊടി നാട്ടിയ ഹാന്‍ വംശജരായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍, പള്ളിയുടെ മുന്‍ വശത്ത് മാന്‍ഡറിന്‍ ഭാഷയില്‍ ‘രാജ്യത്തെ സ്‌നേഹിക്കുക, പാര്‍ട്ടിയെ സ്‌നേഹിക്കുക ‘ എന്നെഴുതിയ വലിയൊരു ബോര്‍ഡും സ്ഥാപിച്ചിരുന്നു.