X
    Categories: MoreViews

മുസ്്‌ലിം പള്ളികളില്‍ ചൈനീസ് പതാക ഉയര്‍ത്തണമെന്ന് ഉത്തരവ്

ബീജിങ്: ചൈനയിലെ മുസ്്‌ലിം പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. മസ്ജിദ് അങ്കണത്തിലെ പ്രധാന സ്ഥലത്ത് തന്നെ ചൈനീസ് പതാക നാട്ടണമെന്നാണ് നിര്‍ദേശം. മുസ്്‌ലിംകള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഇത് കാരണമാകുമെന്നും ചൈനീസ് ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈന ഇസ്്‌ലാമിക് അസോസിയേഷന്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാനും അവ ജനമനസ്സുകളില്‍ ആഴത്തില്‍ വേരൂന്നുന്ന വിധം ഇസ്്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കാനും പള്ളികള്‍ക്ക് നിര്‍ദേശമുണ്ട്. മതങ്ങള്‍ക്കുമേല്‍ പിടിമുറുക്കാനുള്ള കമ്യൂണിസ്റ്റ് ചൈനയുടെ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവെന്ന് വിലയിരുത്തപ്പെടുന്നു. ചൈനീസ് ഭരണഘടനയും മറ്റു നിയമങ്ങളും പഠിപ്പിക്കാന്‍ പള്ളി അധികൃതര്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ചൈനീസ് സാഹിത്യങ്ങളും പരമ്പരാഗത സംസ്‌കാരവും പഠനത്തിന്റെ ഭാഗമാക്കണം. വിദേശ പണ്ഡിതന്മാര്‍ക്കു പകരം ചൈനക്കാരായ മുസ്്‌ലിം യോഗികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും കത്ത് നിര്‍ദേശിക്കുന്നു. ലോകത്ത് മതസ്വാതന്ത്ര്യത്തിനുനേരെ ഏറ്റവും കൂടുതല്‍ കടന്നാക്രമണം നടക്കുന്ന രാജ്യമാണ് ചൈന. രാജ്യത്ത് റമസാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോമ്പനുഷ്ഠിക്കുന്നതു പോലും കമ്യൂണിസ്റ്റ് ഭരണകൂടം വിലക്കിയിട്ടുണ്ട്.

chandrika: