തിരുവനന്തപുരം: ചൈനീസ് വ്യാജമുട്ടകള്‍ കേരള വിപണിയില്‍ വിറ്റഴിയുന്നു എന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് കണ്ടെത്തല്‍. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇതു തിരിച്ചറിയാനായത്. തൊടുപുഴയിലും മറ്റും ചൈനീസ് പ്ലാസിറ്റിക് മുട്ടകള്‍ വിറ്റഴിക്കുന്നതായി പ്രചരിച്ചതോടെ സംസ്ഥാനത്ത് മുട്ട വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ വെറ്റിനറി സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് മുട്ടകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് കണ്ടെത്തിയത്. 12 മുട്ടകളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒന്നു പോലും വ്യാജമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുട്ട കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയില്ലെന്നും മുട്ട ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നില്ലെന്നും മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജി വിഭാഗം പറയുന്നു. കേടു സംഭവിച്ച മുട്ടകളാണ് ചൈനീസ് മുട്ടകള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. ദീര്‍ഘനാള്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതും പിന്നീട് ദീര്‍ഘദൂരം വാഹനത്തില്‍ കൊണ്ടുപോകുന്നതും മുട്ടയുടെ ഘടനത്തില്‍ വരുത്തുന്നു. ഇത് വ്യാജമുട്ടയാണെന്ന് തോന്നിപ്പിക്കുമെന്നും ജനങ്ങളെ കുറ്റപ്പറയാന്‍ സാധിക്കില്ലെന്നുമാണ് മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജിയിലെ വിദഗ്ധര്‍ പറയുന്നത്.