X

റഷ്യക്ക് പിന്നാലെ കോവിഡ് വാക്‌സിനുമായി ചൈനയും

ബെയ്ജിങ്: റഷ്യ കോവിഡ് വാക്‌സീന്‍ പുറത്തിറക്കിയതിനു പിന്നാലെ ചൈനയും വാക്‌സിന് പേറ്റന്റ് നല്‍കി. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കന്‍സിനോ ബയോളജിക്‌സാണ് വാക്‌സീന്‍ പുറത്തിറക്കുന്നത്. റഷ്യ കോവിഡ് വാക്‌സീനായ സ്പുട്‌നിക് 5 റജിസ്റ്റര്‍ ചെയ്ത ഓഗസ്റ്റ് 11ന് കന്‍സിനോ ബയോളജിക്‌സും പേറ്റന്റ് നല്‍കിയതായാണ് പീപ്പിള്‍സ് ഡെയ്‌ലിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

Ad5-nCOV എന്നാണ് വാക്‌സീന് ചൈന പേര് നല്‍കിയിരിക്കുന്നത്. മാര്‍ച്ചില്‍ തന്നെ പേറ്റന്റിനായി സമര്‍പ്പിച്ചതായാണ് വിവരം. ചൈനയില്‍ പ്രധാനമായും അഞ്ച് വാക്‌സീനുകളാണു പരീക്ഷണത്തിലുണ്ടായിരുന്നത്. അതില്‍ ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്‌സീനാണ് പേറ്റന്റ് നല്‍കിയതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒന്നുംരണ്ടും ഘട്ട പരീക്ഷണങ്ങളില്‍ ടി സെല്ലുകളും രോഗപ്രതിരോധ ശേഷിയും വര്‍ധിക്കുന്നതായി കണ്ടെത്തി. മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് നീക്കം. മതിയായ പരീക്ഷണങ്ങള്‍ ഇല്ലാതെയാണ് റഷ്യ വാക്‌സീന്‍ പുറത്തിറക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Test User: