X

ഇസ്രാഈലിനെ ഭൂപടത്തില്‍ നിന്നൊഴിവാക്കി ചൈനീസ് കമ്പനികള്‍

ഗസ്സയില്‍ ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്നതിനിടെ ഇസ്രാഈലിനെ ഭൂപടത്തില്‍ നിന്നൊഴിവാക്കി ചൈനീസ് കമ്പനികള്‍. മള്‍ട്ടിനാഷണല്‍ ടെക് കമ്പനികളായ ആലിബാബയും ബൈദുവുമാണ് അടുത്തിടെ പുറത്തിറക്കിയ ഡിജിറ്റല്‍ മാപ്പില്‍ നിന്ന് ഇസ്രാഈലിനെ ഒഴിവാക്കിയത്. ഇസ്രാഈലിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളും നഗരങ്ങളും ഫലസ്തീന്‍ മേഖലയും മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്രാഈല്‍ എന്ന് പേര് നല്‍കിയിട്ടില്ല.

വളരെ ചെറിയ രാജ്യങ്ങളാണെങ്കില്‍ പോലും ഡിജിറ്റല്‍ മാപ്പുകളില്‍ പേര് കൃത്യമായി നല്‍കാറുണ്ട്. ലക്‌സംബര്‍ഗ്, വത്തിക്കാന്‍ പോലുള്ള ചെറുരാഷ്ട്രങ്ങളുടെ പേര് അടയാളപ്പെടുത്തിയ മാപ്പിലാണ് ഇസ്രാഈലിന് പേര് നല്‍കാതെ വിട്ടത്.

ഇസ്രാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനൊപ്പം നിലകൊള്ളുന്ന നിലപാടാണ് ചൈന മാവോ സേതുങ്ങിന്റെ കാലം മുതല്‍ക്കേ സ്വീകരിച്ചിരുന്നത്. നിലവിലെ സംഘര്‍ഷസാഹചര്യവും എത്രയും വേഗം അവസാനിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരം യാഥാര്‍ഥ്യമാക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

മാപ്പുകളില്‍നിന്ന് ഇസ്രാഈലിന്റെ പേര് ഒഴിവാക്കിയത് പുതിയ നീക്കമാണോ എന്നു വ്യക്തമല്ല. അതേസമയം, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ നടപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പുതിയ വിവാദത്തില്‍ ആലിബാബയും ബൈദുവും പ്രതികരിച്ചിട്ടില്ല.

 

 

webdesk13: