ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ 17 വയസ്സുകാരന്‍ മിറാം തരോണിന് മര്‍ദനമേറ്റുവെന്ന് വെളിപ്പെടുത്തി പിതാവ്. സംഭവത്തിന്റെ ആഘാതത്തിലാണ് കുട്ടിയെന്ന് പിതാവ് ഒപാങ് തരോണ്‍ പറഞ്ഞു. ചൈനീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ കണ്ണ് മൂടിക്കെട്ടിയും കൈകള്‍ ബന്ദിച്ച അവസ്ഥയിലുമായിരുന്നു. തന്റെ മകനെ അവര്‍ പിന്നില്‍ നിന്ന് ചവിട്ടിയെന്നും ചെറിയ അളവില്‍ ഇലക്ട്രിക് ഷോക്ക് നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭക്ഷണസമയത്തും കൈമാറുന്നതിന് മുന്‍പും മാത്രമാണ് കൈയിലെ കെട്ട് അഴിച്ച് മാറ്റിയത്. എന്നാല്‍ തന്റെ മകന് അവര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കിയെന്നും ഒപാങ് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയാണ് തരോണ്‍ തിരിച്ച് കുടുംബത്തോടൊപ്പം ചേര്‍ന്നത്. ജനുവരി 18ന് ലങ്താ ജോര്‍ മേഖലയില്‍ വെച്ചാണ് തരോണിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയത്. 27ന് ചൈനീസ് സൈന്യം ചര്‍ച്ചകള്‍ക്കുശേഷം തരോണിനെ ഇന്ത്യയ്ക്ക് കൈമാറി.
ഗ്രാമത്തില്‍ തിരിച്ചെത്തിയ മിറാമിനെ ഗ്രാമവാസികളും പ്രാദേശിക ഭരണകൂടവും സ്വീകരിച്ചു.