X

ചൈനീസ് യാത്രികര്‍ ബഹിരാകാശ നിലയത്തില്‍

ബീജിങ്: ചൈനയുടെ ശാസ്ത്ര ഗവേഷണ മേഖലയില്‍ പുതിയ ചരിത്രംകുറിച്ച് രണ്ട് ചൈനീസ് യാത്രികരും ടിയാന്‍ഗോങ് 2 ബഹിരാകാശ ലബോറട്ടറിയില്‍ എത്തി. തിങ്കളാഴ്ച വടക്കന്‍ ചൈനയില്‍നിന്ന് കുതിച്ചുയര്‍ന്ന ഷെന്‍സൗ-11 പേടകം ചൊവ്വാഴ്ച പുലര്‍ച്ചെ 3.24നാണ് ടിയാന്‍ഗോങ് രണ്ടുമായി സന്ധിച്ചത്.

ബഹിരാകാശ യാത്രികരായ ജിങ് ഹെയ്‌പെങ്ങും ഷെന്‍ ഡോങും നിലയത്തിലൂടെ ഒഴുകി നീങ്ങുന്ന വീഡിയോ ദൃശ്യം ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. ഒരു മാസത്തോളം അവര്‍ അവിടെയുണ്ടാകും. ബഹിരാകാശത്ത് ചെടികളുടെ വളര്‍ച്ച വിശകലനം ചെയ്തും സ്വന്തം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചും അവര്‍ പരീക്ഷണനിരീക്ഷണങ്ങളില്‍ മുഴുകും. ചൈനക്കാരുടെ മുഖ്യാഹാരമായ നെല്ലാണ് അവര്‍ പരീക്ഷണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ബഹിരാകാശത്തേക്ക് ആളെ അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.

2022ഓടെ സ്വന്തമായി സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് ചൈനയുടെ പദ്ധതി. പുതിയ എഞ്ചിന്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ടിയോന്‍ഗോങ് 2 വികസിപ്പിക്കുകയാകും ചെയ്യുക. ബഹിരാകാശ പ്രവര്‍ത്തനത്തിന് വന്‍തുകയാണ് ചൈന മുടക്കിക്കൊണ്ടിരിക്കുന്നത്.
ഈവര്‍ഷം മാത്രം 20 ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പദ്ധതിയുണ്ട്. നിലവില്‍ 181 ചൈനീസ് സാറ്റലൈറ്റുകള്‍ ബഹിരാകാശത്തുണ്ട്. 11 ചൈനീസ് ഗവേഷകര്‍ ഇതിനകം ബഹിരാകാശ യാത്രകള്‍ നടത്തി. 2003ലാണ് ചൈന ആദ്യമായി ബഹിരാകാശത്തേക്ക് ആളെ അയച്ചത്.

chandrika: