X

അമേരിക്ക-ചൈന വ്യാപാരയുദ്ധം: ട്രംപിനോട് തിരിച്ചടിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്

ബെയ്ജിങ്: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം കനക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചു ചൈനയെ ബുദ്ധിമുട്ടിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമമെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.

നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 200 ബില്യന്‍ ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നു പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ചൈനീസ് വാണിജ്യകാര്യ മന്ത്രാലയ വക്താവ് ഗാവോ ഫെങിന്റെ പ്രതികരണം.

സാങ്കേതികവിദ്യാ രംഗത്ത് അമേരിക്ക്ക്കുള്ള കുത്തക തകര്‍ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്നാണ് പ്രസിഡന്റ് ട്രംപിന്റെ വാദം.
അമേരിക്കന്‍ കമ്പനികളില്‍ നിന്ന് കംപ്യൂട്ടര്‍ ഹാക്കിംഗിലൂടെയും യു.എസ് കമ്പനികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയും സാങ്കേതികവിദ്യകള്‍ ചൈന തട്ടിയെടുക്കുന്നുവെന്നാരോപിച്ചാണ് അമേരിക്ക നടപടിക്കൊരുങ്ങുന്നത്.

അതേസമയം നടപടിയുമായി മുന്നോട്ടുപോയാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കുമെന്ന് ചൈനീസ് വാണിജ്യകാര്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് അറിയിച്ചു. ഇതിനായി 60 ബില്യന്‍ ഡോളറിന്റെ യു.എസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക ചൈന ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മിക്ക ചൈനീസ് കമ്പനികളുടെയും അഭ്യര്‍ഥന അവഗണിച്ച് തീരുവ വര്‍ധിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോയാല്‍ ചൈനയ്ക്കു മുമ്പില്‍ തിരിച്ചടിക്കുകയല്ലാതെ വേറെ വഴികളില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസ് സമ്മര്‍ദ്ദങ്ങള്‍ക്ക് ചൈന വഴിങ്ങില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി.

50 ബില്യന്‍ ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഇതിനകം തീരുവ വര്‍ധിപ്പിച്ചിരുന്നു. പ്രതികാര നടപടിയെന്നോണം അത്ര തന്നെ വിലവരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും നികുതി ചുമത്തി തിരിച്ചടിച്ചിരുന്നു.

chandrika: