X

ഉത്തര കൊറിയ: ശാന്തരാകണമെന്ന് അമേരിക്കയോട് ചൈന

ബീജിങ്: ലോകത്തിന് തലവേദനയായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഉത്തര കൊറിയന്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനോട് ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ടില്ലേഴ്‌സനുമായി ചര്‍ച്ച നടത്തുമ്പോഴായിരുന്നു വാങ് യിയുടെ ഉപദേശം. ഉത്തര കൊറിയയിലെ സ്ഥിതിഗതികളിപ്പോള്‍ വഴിത്തിരിവിലാണ്. വലിയൊരു സംഘര്‍ഷത്തിലേക്ക് നീങ്ങാതെ കാര്യങ്ങള്‍ സൂക്ഷിക്കണം. ഉത്തരകൊറിയക്കെതിരായ ഉപരോധങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതോടൊപ്പം ചര്‍ച്ചയും നയതന്ത്ര നീക്കങ്ങളും പ്രശ്‌ന പരിഹാരത്തിന് ആവശ്യമാണെന്നും വാങ് കൂട്ടിച്ചേര്‍ത്തു.

യു.എന്‍ വിലക്കുകള്‍ ലംഘിച്ച് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്ന ഉത്തര കൊറിയ വളരെ മോശമായാണ് പെരുമാറുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈന പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹത്തെ സഹായിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭീഷണി കണക്കിലെടുത്ത് ദക്ഷിണ കൊറിയയില്‍ അമേരിക്ക മിസൈല്‍ പ്രതിരോധ കവചം സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ജന്‍പിങിനെയും ടില്ലേഴ്‌സന്‍ കണ്ടു.

chandrika: