ബീജിങ്: സിക്കിംഗ് അതിര്‍ത്തിയില്‍ നിന്ന് ഗാര്‍ഡുകളെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ചൈന. ഇന്ത്യന്‍ സൈനികര്‍ സിക്കിമിലെ അതിര്‍ത്തി കടന്ന് ചൈനയില്‍ പ്രവേശിക്കുകയാണുണ്ടായതെന്നും അതിനുള്ള മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈന്യം ദോകോ ലായില്‍ താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇന്ത്യയുടെ ആരോപണം തള്ളിയ ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സിക്കിം സെക്ഷനിലെ അതിര്‍ത്തി കടന്ന് ചൈനീസ് പ്രദേശത്ത് കടന്ന ഇന്ത്യന്‍ സൈന്യം തങ്ങളുടെ സൈന്യത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതായും ഇതിനുള്ള പ്രതികരണമാണ് തങ്ങള്‍ നല്‍കിയതെന്നും ജെങ് ഷുവാങ് പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സിക്കിം സെക്ഷന്‍ ഉടമ്പടികളിലൂടെ നിര്‍ണയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ എതിര്‍പ്പൊന്നുമില്ലെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി വ്യക്തമാക്കുന്നതുമാണ്. സമാധാനം നിലനിര്‍ത്താന്‍ അതിര്‍ത്തി ഉടമ്പടികളും ചൈനയുടെ പ്രാദേശിക പരമാധികാരവും ഇന്ത്യ ബഹുമാനിക്കണം. – ഷുവാങ് പറഞ്ഞു.
സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യയില്‍ നിന്നുള്ള കൈലാഷ് – മാനസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞതെന്നും ഇക്കാര്യം നയതന്ത്ര പ്രതിനിധികള്‍ വഴി ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ഷുവാങ് കൂട്ടിച്ചേര്‍ത്തു.
Related: പ്രകോപനവുമായി ചൈനീസ് സൈന്യം; സിക്കിം അതിര്‍ത്തി കടന്ന് താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തു