X
    Categories: MoreViews

വന്‍ യുദ്ധാഭ്യാസവുമായി റഷ്യയും ചൈനയും

മോസ്‌കോ: ശീതയുദ്ധ കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ സംയുക്ത യുദ്ധാഭ്യാസത്തിന് റഷ്യ തയാറെടുക്കുന്നു. റഷ്യന്‍, ചൈനീസ്, മംഗോളിയന്‍ സൈനികര്‍ അണിനിരക്കുന്ന വന്‍ യുദ്ധാഭ്യാസം സെപ്തംബര്‍ 11ന് ആരംഭിക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അഭ്യാസപ്രകടനങ്ങളില്‍ മൂന്ന് ലക്ഷം സൈനികരും ആയിരത്തിലേറെ പോര്‍വിമാനങ്ങളും പങ്കെടുക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്‌ഗോ പറഞ്ഞു.
സൈനികരുടെ എണ്ണവും സ്ഥലവിസ്തൃതിയും കണക്കിലെടുക്കുമ്പോള്‍ നാല് പതിറ്റാണ്ടിനുശേഷമുള്ള ഏറ്റവും വലിയ യുദ്ധാഭ്യാസത്തിനാണ് റഷ്യ തയാറെടുക്കുന്നത്. ‘ടാങ്കുകള്‍, സായുധ കവചിതവാഹനങ്ങള്‍ തുടങ്ങി 26,000 സൈനിക ഉപകരണങ്ങള്‍ ഒന്നിച്ച് നീങ്ങുമ്പോഴുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഒരു തുറന്ന യുദ്ധത്തിന് സമാനമായ അന്തരീക്ഷമായിരിക്കും അത് സൃഷ്ടിക്കുക’-ഷോയ്‌ഗോ പറഞ്ഞു. വോസ്‌ടോക്-2018 എന്ന പേരില്‍ അറിയപ്പെടുന്ന സൈനികാഭ്യാസ പ്രകടനങ്ങള്‍ക്ക് കിഴക്കന്‍, മധ്യ റഷ്യയിലാണ് വേദിയൊരുക്കുന്നത്.
റഷ്യന്‍ യുദ്ധാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പിലെ സേനകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നാറ്റോ അറിയിച്ചു. റഷ്യന്‍ നീക്കത്തില്‍ ജപ്പാനും അതൃപ്തി അറിയിച്ചു. ഏഷ്യ-പസിഫിക് മേഖലയില്‍ റഷ്യന്‍ സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് ജപ്പാന്‍ പറയുന്നു. ചൈന 3,200 സൈനികരെയും 900 ആയുധങ്ങളുമാണ് അയച്ചുകൊടുക്കുന്നത്. റഷ്യന്‍-ചൈനീസ് സൈനിക സഹകരണത്തിലെ മാറ്റങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പണം തികയാതെ പ്രയാസപ്പെടുമ്പോള്‍ ഭീമമായ തുക ചെലവഴിച്ച് യുദ്ധാഭ്യാസം നടത്തുന്നത് എന്തിനാണെന്ന ചോദ്യത്തിന് അത് അനിവാര്യമാണെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിന്റെ മറുപടി. റഷ്യ, ചൈന സൈനിക സഖ്യത്തിന്റെ മുന്നൊരുക്കമാണ് ഇതെന്ന് മാധ്യമങ്ങള്‍ പറയുന്നു. യുദ്ധാഭ്യാസങ്ങള്‍ വീക്ഷിക്കാന്‍ നാറ്റോ രാജ്യങ്ങളില്‍നിന്ന് റഷ്യ സൈനിക പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.

chandrika: