ബീജിംങ്: വീണ്ടും കോവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിയന്ത്രണം കര്‍ശനമാക്കി ചൈന. ചൈനയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫുജിയാനിലെ തിയറ്ററുകളും ജിമ്മുകളും അടച്ചു. പുതിയന്‍ നഗരത്തിലെ സ്ഥിതി ഗുരുതരവും സങ്കീര്‍ണ്ണവുമാണ്. സ്‌കൂളുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പുതിയ കേസുകള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പുതിയാനിലെ സ്‌കൂളുകളും അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 32 ലക്ഷം ജനസംഖ്യയുള്ള പുതിയാന്‍ പട്ടണത്തിലേക്ക് ദേശീയ ആരോഗ്യ അതോറിറ്റിയുടെ സംഘത്തെ അയക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഫുജിയാനില്‍ സെപ്റ്റംബര്‍ 10 നും സെപ്റ്റംബര്‍ 12 നും ഇടയില്‍ പുതിയനിലെ 35 ഉള്‍പ്പെടെ മൊത്തം 43 പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി. പുതിയന്‍ നഗരത്തിലെ ചിലരില്‍ നിന്നുള്ള സാമ്പിളുകളിലെ പ്രാഥമിക പരിശോധനയില്‍ രോഗികള്‍ക്ക് അതിവേഗം പകരുന്ന ഡെല്‍റ്റ വേരിയന്റ് ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സിയാന്‍യൂ കൗണ്ടിയിലെ വിദ്യാര്‍ത്ഥികളിലാണ് പുതിയ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂരില്‍ നിന്ന് എത്തിയതിന് ശേഷം അടുത്തുള്ള സിയാമെന്‍ നഗരത്തില്‍ നിന്ന് കൗണ്ടിയിലേക്ക് പോയ വിദ്യാര്‍ത്ഥികളിലൂടെയാകാം വീണ്ടും വൈറസ് ബാധ ഉണ്ടായതെന്ന് വിദഗ്ധര്‍ സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തെ കോവിഡ്
കേസുകള്‍ 22.63 കോടി പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20.62 കോടി പിന്നിട്ടതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 46.56 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 20.29 കോടി കടന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യു എസിലാണ് ഇപ്പോള്‍ പ്രതിദിന കേസുകളും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്നലെ തൊണ്ണൂറായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4.21 കോടി കടന്നു. 6.80 ലക്ഷം പേര്‍ മരണമടഞ്ഞു.