X
    Categories: Newsworld

പടിയിറങ്ങും മുമ്പ് ബൈഡന് ‘ചൈനീസ്’ വെല്ലുവിളിയുമായി ട്രംപ്; കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ സാധ്യത

വാഷിങ്ടന്‍: വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് തന്റെ പിന്‍ഗാമിയായി വരുന്ന ജോ ബൈഡന് ചൈനീസ് വെല്ലുവിളിയുമായി ഡൊണള്‍ഡ് ട്രംപ്. പദവിയില്‍ തുടരുന്ന തന്റെ അവസാന മാസങ്ങളില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നാണ് വിവിധ രംഗങ്ങളിലെ വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോവിഡിനു പിന്നില്‍ ചൈനയാണെന്ന നിരന്തര വിമര്‍ശനം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഇതുമൂലമാണ് യുഎസിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതെന്നാണ് ആരോപിക്കുന്നത്. അതിനാല്‍ത്തന്നെ ബെയ്ജിങ്ങിനുനേരെ ആരോപണശരങ്ങള്‍ ഉയര്‍ത്തി ബന്ധം വഷളാക്കാനുള്ള നീക്കങ്ങള്‍ ട്രംപ് നടത്തിയേക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.

പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ‘കൂടുതലായി’ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും സെനറ്റിന്റെ അനുമതി ആവശ്യമില്ലാത്ത നിയമനങ്ങള്‍ ഉണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. ബെയ്ജിങ്ങിനെ ‘ശിക്ഷിക്കുന്ന’ തരത്തിലുള്ള നടപടികള്‍ ഉണ്ടായേക്കാമെന്ന് ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ ഫെല്ലോയും ബെയ്ജിങ്ങിലെ യുഎസ് എംബസി മുന്‍ ട്രേഡ് നെഗോഷ്യേറ്ററുമായ ജെയിംസ് ഗ്രീനിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലുള്ള വ്യാപാരത്തര്‍ക്കം കുറച്ചുകൂടി രൂക്ഷമാക്കി, കൂടുതല്‍ ചൈനീസ് കമ്പനികള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ടിക്ടോക്കിനും വീചാറ്റിനും പിന്നാലെ കൂടുതല്‍ ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനം, സിവില്‍ – മിലിട്ടറി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വിപുലപ്പെടുത്തും, 5ജി നെറ്റ്‌വര്‍ക്കിനു മാത്രമല്ല, വാവെയ് ടെക്‌നോളജി കമ്പനിക്ക് അയയ്ക്കുന്ന എല്ലാ സെമികണ്ടക്ടര്‍ വില്‍പ്പനയും നിരോധിക്കും തുടങ്ങിയവയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Test User: